sabarimala-

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്ത് സൃഷ്ടിച്ച പ്രകമ്പനങ്ങൾക്ക് അറുതിയായിട്ടില്ല. വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് പരിഗണിക്കാൻ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചിരിക്കുകയാണ്. റിവ്യൂ ഹർജികൾ ഒറ്റയടിക്കുതള്ളാതെ വാദം കേൾക്കാൻ തീരുമാനിച്ചതുവഴി പുതിയ നിയമസാദ്ധ്യതകൾക്കുള്ള വഴി പൂർണമായും അടഞ്ഞിട്ടില്ലെന്ന് കരുതാവുന്നതാണ്. സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് കലാപകലുഷിതമായ സംസ്ഥാനത്തെ സാമൂഹ്യാന്തരീക്ഷം പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ ഏതായാലും ഭരണഘടനാ ബെഞ്ചിന്റെ ഇന്നലത്തെ തീരുമാനം ഉപകരിക്കുമെന്ന് തോന്നുന്നില്ല. സെപ്തംബർ 28 ലെ വിധി സ്റ്റേ ചെയ്യാത്തതുകൊണ്ടാണിത്.

വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ചിട്ടുള്ള നാല് റിട്ട് ഹർജികളും ജനുവരി 22 ന് റിവ്യൂ ഹർജികൾക്കൊപ്പം കോടതി പരിഗണിക്കും. സാധാരണഗതിയിൽ ഭരണഘടനാബെഞ്ചിന്റെ ഒരുവിധിയിൽ പുനഃപരിശോധനയ്ക്ക് അത്യപൂർവമായേ അവസരം ലഭിക്കാറുള്ളൂ. വിധി പുറപ്പെടുവിച്ച ഏറ്റവും മുതിർന്ന ജഡ്ജിയുടെ ചേംബറിൽ വച്ച് പുനഃപരിശോധനാ ഹർജികൾ പരിശോധിച്ച് ഉടനടി തീർപ്പുകല്പിക്കുന്നരീതിയാണ് പൊതുവെ ഉള്ളത്. ശബരിമല സ്ത്രീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന അഭിഭാഷകരുടെ അഭ്യർത്ഥന ചൊവ്വാഴ്ച രാവിലെ കോടതി നിരസിച്ച പശ്ചാത്തലത്തിൽ ഇവയുടെ ഗതിയും അതുതന്നെയാകുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ ഉച്ചതിരിഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ഹർജികൾ പരിശോധിച്ച ഭരഘടനാബെഞ്ച് ജനുവരി 22ന് തുറന്ന കോടതിയിൽത്തന്നെ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. 49 പുനഃപരിശോധനാ ഹർജികളാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നതെന്നതിൽനിന്നുതന്നെ വിഷയത്തിൽ പൊതുസമൂഹത്തിനുള്ള അഗാധമായ താത്പര്യവും ആകാംക്ഷയും കോടതിക്കും ബോദ്ധ്യമായിട്ടുണ്ടാകും.

ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമല ദർശനമാകാമെന്ന ഐതിഹാസിക വിധി രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ഏറെ വാദകോലാഹലങ്ങൾ ഇതിനകം നടന്നു. റിവ്യൂ ഹർജികളിൽ വാദം കേൾക്കാൻ കോടതി സന്നദ്ധമായ സ്ഥിതിക്ക് സ്റ്റേ ഉത്തരവും ഒപ്പം ഉണ്ടാകുമെന്നാണ് പൊതുവെ കരുതിയത്. എന്നാൽ അതുണ്ടായില്ല. കോടിക്കണക്കിന് തീർത്ഥാടകർ എത്താറുള്ള മണ്ഡലം-മകരവിളക്കുകാലത്തെ തീർത്ഥാടനത്തിന് മേൽ ആശങ്കാജനകമായ കരിമേഘങ്ങൾ സൃഷ്ടിച്ചാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി നിൽക്കുന്നത്. വിധി പുറത്തുവന്നതിനുശേഷം ദർശനത്തിനായി ശബരിമല നടതുറന്ന ആറുദിവസവും അവിടെ നടന്ന അനിഷ്ടസംഭവങ്ങൾ ഒാർക്കുമ്പോൾ ഇൗവരുന്ന തീർത്ഥാടനകാലം വല്ലാത്ത ഭയവും ആശങ്കയുമാണ് ഏതൊരാളുടെയും മനസിൽ സൃഷ്ടിക്കുന്നത്.

റിവ്യൂ ഹർജികൾ കേൾക്കാൻ ഭരണഘടനാ ബെഞ്ച് തീരുമാനിച്ച പശ്ചാത്തലത്തിൽ വിഷയത്തിൽ ഒരു സമവായത്തിനുള്ള സാദ്ധ്യത തേടാൻ പറ്റിയ സന്ദർഭമാണിത്. ജനുവരിയിൽ കോടതി ഹർജികൾ വാദത്തിനെടുക്കുമ്പോൾ പുതിയ വാദമുഖങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. നേരത്തെ വിട്ടുപോയതോ ശ്രദ്ധയിൽ പെടുത്തേണ്ടതായതോ ആയ സൂക്ഷ്മനിയമവശങ്ങൾ ഭരണഘടനാബെഞ്ച് മുമ്പാകെ നിരത്താനുമാകും. സെപ്തംബർ 28 ലെ വിധിക്ക് സ്റ്റേ നൽകാത്ത സാഹചര്യത്തിൽ വികാര വിക്ഷോഭങ്ങൾ മാറ്റിവച്ച് തീർത്ഥാടനകാലം അലോസരമൊന്നും കൂടാതെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നാണ് ബന്ധപ്പെട്ട ഏവരും ചേർന്ന് ആലോചിക്കേണ്ടത്. സ്ത്രീ പ്രവേശനവിധി കേരളീയസമൂഹത്തെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിട്ടുമുണ്ട്. ചൊവ്വാഴ്ചത്തെ സുപ്രീംകോടതി തീർപ്പിനുശേഷം സർവകക്ഷി സമ്മേളനം വിളിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒട്ടും വൈകാതെ അതിന് നടപടി സ്വീകരിക്കണം. ശബരിമല വിഷയത്തിൽ സർക്കാർ ഒരു ഭാഗത്തും വിശ്വാസിസമൂഹം മറുഭാഗത്തും എന്ന ഇപ്പോഴത്തെ എതിരിടൽ സമീപനം ആത്യന്തികമായി സംസ്ഥാനത്തിന് തന്നെയാണ് ദോഷം. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവരും വോട്ട് ബാങ്ക് വിപുലമാക്കാൻ ശ്രമിക്കുന്നവരുമൊക്കെ ഉണ്ട്. രാജ്യതന്ത്രജ്ഞതയില്ലാതെ പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിലൂടെ സംഭവിച്ച കെടുതികളും കാണാതിരുന്നുകൂടാ. സംസ്ഥാനത്തിന് ഇപ്പോഴത്തെ അവസ്ഥയിൽ അനിവാര്യമായിട്ടുള്ളത് സമാധാനപൂർണമായ മണ്ഡലകാല തീർത്ഥാടനമാണ്. അത് സാദ്ധ്യമാക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് കൂട്ടായി ചിന്തിക്കണം. സർക്കാർ തന്നെ വേണം ഇനി അതിനുമുൻകൈയെടുക്കാൻ.

റിവ്യൂ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കാൻ കോടതി തീയതി നിശ്ചയിച്ചത് പിടിവള്ളിയായി കാണുന്നതിൽ തെറ്റില്ല. സർക്കാരിന് ഇൗ വിഷയത്തിൽ യാതൊരു പിടിവാശിയുമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. വിധിയെ എതിർക്കുന്നവർക്കും നീതിപീഠം വഴിതന്നെ പരിഹാരം തേടാൻ എല്ലാ അവസരങ്ങളുമുണ്ട്. നിയമ പണ്ഡിതന്മാരുടെ സഹായത്തോടെ അതിനുള്ള ശ്രമം തുടരുകതന്നെ വേണം. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിലെ അപകടം എല്ലാവരും മനസിലാക്കണം.