തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ ഡിവൈ.എസ്.പിയുമായുള്ള തർക്കത്തിനിടയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല.
കുടുംബത്തിനുള്ള നഷ്ടപരിഹാരവും ഭാര്യക്ക് സർക്കാർ ജോലിയും നൽകുമെന്ന് നേരത്തേ സർക്കാർ പ്രതിനിധികൾ തന്നെ വാഗ്ദാനം നൽകിയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭയിൽ ഇത് പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഇതുണ്ടായില്ല. സനലിന്റെ ഭാര്യ ഇന്നലെ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ യോഗം അവസാനിച്ച ശേഷമാണ് മുൻ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സനലിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സനിലിന്റെ ഭാര്യയ്ക്കു ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം.പി മുമ്പ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.