-dysp-harikumar-

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് സംഘം തമിഴ്നാട്ടിലും കർണാടകത്തിലും അരിച്ചുപെറുക്കുമ്പോൾ ഡിവൈ.എസ്.പി ഹരികുമാറും കൂട്ടാളി ബിനുവും തലസ്ഥാനത്ത് എത്തി.

ഞായറാഴ്ച മംഗലാപുരത്ത് ഡിവൈ.എസ്.പിയുടെ മൊബൈൽ സജീവമായിരുന്നു.

ആറു കിലോമീറ്റർ ചുറ്റളവിലെ ടവറിൽ നിന്നാണ് വിളി പോയത്. അടുത്ത ഫോൺവിളിക്കായി കാത്തിരിക്കുകയായിരുന്നു ക്രൈംബ്രാഞ്ച്.

ഇതിനിടെ മംഗലാപുരത്ത് നിന്ന് സ്വിഫ്‌റ്റ് കാറിൽ ഡിവൈ.എസ്.പിയും ബിനുവും തിരുവനന്തപുരത്ത് എത്തിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തിങ്കളാഴ്ച രാത്രി 10ന് കല്ലമ്പലത്തെ വീട്ടിൽ ഡിവൈ.എസ്.പിയെ ഇറക്കിയശേഷം രാത്രി 11ന് പാറശാല ചായ്ക്കോട്ടുകോണത്തെ ഭാര്യാസഹോദരൻ സുജിയുടെ വീട്ടിൽ ഈ സ്വിഫ്‌റ്റ് കാർ ബിനു കൊണ്ടിട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ബിനു മാത്രമാണ് അവിടെ എത്തിയതെന്നും എസ്.പി. കെ.എം.ആന്റണി പറഞ്ഞു. രാത്രി പതിനൊന്നരയോടെ ക്രൈംബ്രാഞ്ച് സംഘം സുജിയുടെ വീട്ടിലെത്തി. അപ്പോഴേക്കും വെളുത്ത അംബാസഡർ കാറിൽ ബിനു രക്ഷപ്പെട്ടിരുന്നു.

ഡിവൈ.എസ്.പിയും ബിനുവും ഒളിവിൽ പോയത് സുജിയുടെ സ്വിഫ്‌റ്റ് കാറിലായിരുന്നു. ഡിവൈ.എസ്.പി കീഴടങ്ങാൻ എത്തിയതാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരെയോ അന്വേഷണ സംഘത്തെയോ ബന്ധപ്പെട്ടിട്ടുമില്ല.

ബിനു മടങ്ങി എത്തിയത് അറിഞ്ഞിട്ടും ഡിവൈ.എസ്.പിയെ കണ്ടെത്താൻ ശ്രമിച്ചില്ലേ എന്ന ചോദ്യത്തിന് പൊലീസിന് മറുപടിയില്ല. ഡിവൈ. എസ്. പിയുടെ വീടുകളിൽ തെരച്ചിൽ നടത്തിയില്ല. മംഗലാപുരം മുതൽ പാറശാല വരെ കാറോടിച്ച് വന്നിട്ടും ബിനുവിനെയോ ഡിവൈ.എസ്.പിയെയോ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഒളിവിൽ പോയ കാറിന്റെ നമ്പർ എല്ലാ സ്റ്റേഷനുകളിലും അറിയിക്കുന്നതിലും വീഴ്ച വരുത്തി.

ഡിവൈ.എസ്.പിയുടെ കൂട്ടാളി ബിനു പാറശാല വിട്ടുപോകാനിടയില്ലെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. കണ്ടെത്താൻ ഇന്ന് തെരച്ചിൽ നടത്തും. ഡിവൈ.എസ്.പി തമിഴ്നാട്ടിലും കർണാടകത്തിലുമായി ഒളിവിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഇപ്പോഴും പറയുന്നു. മധുര, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് ഡിവൈ.എസ്.പിയുടെ ഫോണിൽ നിന്നുള്ള വിളികൾ പോയിരുന്നു. ഇരുവരും മാറിമാറി സംസാരിച്ചതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.