തിരുവനന്തപുരം: ഒരാളുടെ മരണത്തിലുള്ള ആഹ്ലാദമല്ല, പകരം നിരപരാധിയായ ഒരു യുവാവിന്റെ ജീവനെടുത്തയാൾ സ്വയം ജീവനൊടുക്കിയത് ദൈവം നൽകിയ ശിക്ഷയായി കാണുകയാണ് നെയ്യാറ്റിൻകര കൊടങ്ങാവിളയിലെ സനലിന്റെ കുടുബവും നാട്ടുകാരും. ഡിവൈ.എസ്.പിക്ക് എല്ലാ സംരക്ഷണവും നൽകിയത് പൊലീസിലെ ഉന്നതരാണെന്ന ആരോപണം സനലിന്റെ ബന്ധുക്കളും നാട്ടുകാരും ആവർത്തിച്ചു. സനലിന്റെ കുടുംബത്തിന് സർക്കാർ സഹായം ലഭ്യമാക്കുന്നതു വരെ സമരരംഗത്ത് നിലയുറപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. വിജിക്ക് ജോലിയും ധനസഹായവും സർക്കാർ ഉടൻ പ്രഖ്യാപിക്കണം. പ്രതിയെ സംരക്ഷിച്ച ഉന്നതരെ പുറത്തുകൊണ്ടുവരുകയാണ് ഇനിയുള്ള ലക്ഷ്യം. ഇന്നലെ വൈകിട്ട് സനലിന്റെ വീട്ടിൽ ചേർന്ന ആക്‌ഷൻ കൗൺസിൽ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്ത ഘട്ട സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച രാവിലെ 11ന് സനലിന്റെ വീട്ടിൽ യോഗം ചേരാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഡിവൈ.എസ്.പിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി

പൊലീസ്: എം. വിൻസെന്റ് എം.എൽ.എ

ഡിവൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പൊലീസാണെന്ന് വിൻസെന്റ് എം.എൽ.എ. ആത്മഹത്യ വാർത്ത പുറത്തുവന്നതോടെ കൊടങ്ങാവിളയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് ദിവസമായി പ്രതി എവിടെയാണെന്ന് അറിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരാത്തതാണ് അയാളുടെ മരണത്തിലേക്ക് നയിച്ചത്. കേസ് ക്രൈംബ്രാഞ്ചിന് വിട്ട് അന്വേഷണം വൈകിപ്പിക്കാൻ ശ്രമമുണ്ടായി. സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രതിയായ ഡിവൈ.എസ്‌.പിയെ സംരക്ഷിക്കാൻ ശ്രമമുണ്ടായി എന്നതാണ്. സംരക്ഷിക്കാൻ ശ്രമിച്ചവർക്ക് തന്നെയാണ് ഹരികുമാറിന്റെ മരണത്തിൽ ഉത്തരവാദിത്വമെന്നും എം.എൽ.എ പറഞ്ഞു.

മുഖ്യമന്ത്രി എവിടെ പോയി ? :

വി.എസ്. ശിവകുമാർ എം.എൽ.എ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയപ്പോൾ തീ അണയുന്നതിന് മുമ്പ് ഓടിയെത്തിയ മുഖ്യമന്ത്രി കൊടങ്ങാവിളയിലെ സനലിന്റെ വീട്ടിൽ എന്തുകൊണ്ട് വന്നില്ലെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ചോദിച്ചു. സനലിന്റെ കുടുംബം നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരൻ പ്രതിയായ കേസിൽ ഇരയോടൊപ്പം നില്ക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.