തിരുവനന്തപുരം:മണ്ഡല മകരവിളക്ക് കാലത്ത് ട്രെയിൻ മാർഗ്ഗം കൂടുതൽ തീർത്ഥാടകരെത്തുന്ന ചെങ്ങന്നൂരിൽ താത്കാലിക സൗകര്യം ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർത്ഥാടകർക്ക് താമസത്തിനുള്ള താത്കാലിക സൗകര്യങ്ങൾ പൂർത്തിയായി വരുന്നു.ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികളെല്ലാം വാർട്ടർ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.
യോഗത്തിൽ മന്ത്രിമാരായ കടകംപള്ളിസുരേന്ദ്രൻ,എ.കെ.ശശീന്ദ്രൻ,എം.എൽ.എമാരായ രാജു എബ്രഹാം, സജി ചെറിയാൻ,സുരേഷ് കുറുപ്പ്, പി.സി ജോർജ്,ചീഫ് സെക്രട്ടറി ടോംജോസ്,പൊലീസ് മേധാവി ലോക് നാഥ് ബഹ്റ, ദേവസ്വംബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി,ആലപ്പുഴ ജില്ലാ കളക്ടർമാർ,വിവിധ സർക്കാർ വകുപ്പ് മേധാവികൾ,റെയിൽവെ, ബി.എസ്.എൻ.എൽ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.