കേരളകൗമുദി നവംബർ ആറിലെ വിജയിപ്പിക്കേണ്ട മഹാദൗത്യം എന്ന മുഖപ്രസംഗം ആണ് ഈ കുറിപ്പിന് ആധാരം . കുഷ്ഠരോഗത്തിന്റെ തിരിച്ചുവരവ് അങ്ങേയറ്റം ഉത്കണ്ഠാജനകം തന്നെ. ഇത് തടയാൻ ആരോഗ്യവകുപ്പ് ഡിസംബർ അഞ്ച് മുതൽ ആരംഭിക്കുന്ന 'ലെപ്രസി കേസ് ഡിറ്റക്ഷൻ കാമ്പയിൻ" വിദഗ്ദ്ധപരിശീലനം ലഭിച്ചവർ നടപ്പിലാക്കണം. ആശാവർക്കേഴ്സിനെ കൊണ്ടു ഭവനസന്ദർശനം നടത്തി രോഗികളെ കണ്ടുപിടിക്കാനുള്ള പദ്ധതി വൻപരാജയമായിരിക്കും. വിദഗ്ദ്ധപരിശീലനം ലഭിച്ചവരെ ലഭ്യമല്ലെങ്കിൽ സർവീസിൽനിന്നും വിരമിച്ചവരെ ഒരു പ്രൈമറി ഹെൽത്ത് സെന്ററിൽ ഒരാൾ വീതം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിക്കണം.
2004 ൽ രോഗനിവാരണം ഉറപ്പാക്കിയതായി പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര ഗൈഡ് ലൈൻ അനുസരിച്ച് ലെപ്രസി വിഭാഗം ജീവനക്കാർക്ക് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് നൽകി പൊതുജനാരോഗ്യപദ്ധതിയിൽ ലയിപ്പിച്ചു. എന്നാൽ പൊതുജനാരോഗ്യപ്രവർത്തകർക്ക് ലെപ്രസി ഇൻസ്പെക്ടർ ട്രെയിനിംഗ് നൽകി കുഷ്ഠരോഗനിവാരണാനന്തരമുള്ള തുടർ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതുമില്ല. കഴിഞ്ഞ 14 വർഷവും ലെപ്രസി വിംഗ് നിഷ്ക്രിയമായിരുന്നതിനാലാണ് രോഗത്തിന്റെ ശക്തമായ തിരിച്ചുവരവുണ്ടായത്. ഒാരോവർഷവും തുടർപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണം. ജാഗ്രതയോടുകൂടി തുടർപ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ തെരുവുകളിൽ യാചകരായ അംഗവൈകല്യമുള്ള രോഗികളെ വീണ്ടും സൃഷ്ടിക്കപ്പെടും. മനുഷ്യമനസുകളിൽ നിന്നും തൂത്തെറിഞ്ഞ സാമൂഹ്യഭ്രഷ്ട് സാവധാനം തിരികെവരാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാകില്ല. ലെപ്രസി പരിശോധനയും നിർമ്മാർജ്ജന പ്രവർത്തനങ്ങളും നടത്താൻ ഒരു അടിസ്ഥാനയോഗ്യതയും ആവശ്യമില്ലായെന്ന തീരുമാനം വളരെ വലിയ തെറ്റാണ്.
ചിത്രം കണ്ട് ലെപ്രസിയെക്കുറിച്ച് പഠിച്ച പൊതുജനാരോഗ്യപ്രവർത്തകരും അവർ പരിശീലനം കൊടുത്ത ആശാവർക്കർമാരും രോഗലക്ഷണമുള്ളവരെ കണ്ടുപിടിക്കാൻ ഭവനസന്ദർശനം നടത്തുന്ന പദ്ധതിയാണ് ഡിസംബർ അഞ്ചിന് ആരംഭിക്കുന്നത്. രോഗിയുടെ ശരീരത്തിലെ രോഗലക്ഷണങ്ങളും വിവിധയിനം അംഗവൈകല്യങ്ങളും മറ്റു സമാന ത്വക് രോഗങ്ങളും മനസിലാക്കാൻ രോഗികളെ കണ്ടുതന്നെ പഠിക്കണം. ചിത്രങ്ങൾ കണ്ടുപഠിച്ച് രോഗികളെ കണ്ടുപിടിക്കുന്നത് അശാസ്ത്രീയവും അപ്രായോഗികവുമാണ്.
കെ. ഭുവനേന്ദ്രൻ ചെട്ടിയാർ,
മുൻ സംസ്ഥാന പ്രസിഡന്റ് കേരള ലെപ്രസി ഇറാഡിക്കേഷൻ സ്റ്റാഫ് അസോസിയേഷൻ. , സംസ്ഥാന ജനറൽ സെക്രട്ടറി , റിട്ട. കേരള ലെപ്രസി ഇറാഡിക്കേഷൻ സ്റ്റാഫ് അസോസിയേഷൻ