1

പൂവാർ: സമഗ്ര കുഷ്ഠരോഗ പരിശോധന ക്യാമ്പയിൻ 2018ന്റെ ഭാഗമായി പൂവാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്യദേവന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സലൂജ സെമിനാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായാണ് പാറശാല ബ്ലോക്കിന് കീഴിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ ചെങ്കൽ,കാരോട്,കുളത്തൂർ,പരശുവയ്ക്കൽ,പൊഴിയൂർ,പരണിയം,പൂവാർ തുടങ്ങിയ കേന്ദ്രങ്ങളിലെ പൊതുജനാരോഗ്യ പ്രവർത്തകർക്കായുള്ള സെമിനാർ സംഘടിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിർമാർജ്ജനത്തിന്റെ ഭാഗമാണ് പരിപാടി. 2018 മുതൽ 2030 വരെ രാജ്യത്ത് നടപ്പാക്കുന്ന സുസ്ഥിര വികസന പദ്ധതിയിൽ ഒന്നാമത്തേതാണ് കുഷ്ഠരോഗ നിർമാർജ്ജന യജ്ഞം.

194000 ജനസംഖ്യയുള്ള പാറശാല ബ്ലോക്കിൽ 15 പേർക്ക് കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. 2020ൽ ഇത് ലക്ഷത്തിൽ ഒന്നിന് താഴെയാക്കണമെന്ന ലക്ഷ്യമാണ് ആരോഗ്യ വകുപ്പിനുള്ളത്. തിരുവനന്തപുരം ജില്ലാ ക്യാമ്പയിൻ ഡിസംബർ 5 മുതൽ 18 വരെ നടക്കും. ആരോഗ്യ പ്രവർത്തകർ ജില്ലയിലെ എല്ലാ വീടുകളിലുമെത്തി മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കും.കുഷ്ഠരോഗലക്ഷണമുള്ളവരെ കണ്ടെത്തിയാൽ അവരെ വിദഗ്ധ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും. സെമിനാറിൽ പൂവാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോ.സ്മിത.എസ്.നായർ വിഷയാവതരണം നടത്തി.തിരുപുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ,ഹെൽത്ത് ഇൻസ്പെക്ടർ രമാകാന്തൻ തുടങ്ങിയവർ സംസാരിച്ചു.