കിളിമാനൂർ: ജില്ലയിൽ റവന്യൂ വരുമാനത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ യഥാവിധി നടപ്പാക്കുന്നതിൽ പിന്നോട്ടാണെന്ന് ആക്ഷേപമുയരുന്നു. ഇതിന് ഒരു ഉദാഹരണമാണ് കിളിമാനൂർ മാർക്കറ്റ്. രണ്ടേക്കറിലധികം വിസ്തീർണമുള്ള പൊതു ചന്തയിൽ വിപണനത്തിനായി എത്തുന്നത് നെടുമങ്ങാട്, ചിറയിൻകീഴ്, തിരുവനന്തപുരം താലൂക്കുകളിലെ കർഷകരാണ്. ചന്തയിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിലും അഴിമതിയുടെ കറുത്ത മുഖമാണെന്ന് നാട്ടുകാർ ആരോപിച്ചു. ലക്ഷങ്ങൾ ചെലവിട്ട് വർഷങ്ങൾക്കു മുമ്പ് ചന്തയ്ക്കകത്ത് ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഇതിൽ നിന്ന് ഉത്പാദിക്കുന വൈദ്യുതി ഉപയോഗിച്ച് ചന്തയ്ക്കകത്തും പരിസര പ്രദേശങ്ങളിലും വെളിച്ചം നൽകാൻ പദ്ധതി ഉണ്ടായിരുന്നു. കുറച്ചു കാലം ചന്തയ്ക്കുള്ളിൽ വൈദ്യുതി വെളിച്ചം ലഭിച്ചെങ്കിലും പ്ലാന്റിന്റെ പ്രവർത്തനം അവതാളത്തിലായതോടെ മാലിന്യ സംസ്കരണവും വെളിച്ചവും നിലച്ചു. വർഷങ്ങൾക്ക് മുൻപ് ആധുനിക രീതിയിൽ നിർമ്മിച്ച മത്സ്യച്ചന്ത നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ഇതിനായി നിർമ്മിച്ച കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി. ഇവിടെ സ്ത്രീകൾക്കും മറ്റുമായി നിർമിച്ച കംഫർട്ട് സ്റ്റേഷൻ സ്വകാര്യ വ്യക്തികൾ ഗോഡൗണാക്കി മാറ്റി. ലക്ഷങ്ങൾ മുടക്കി യാർഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മത്സ്യ മാർക്കറ്റിലെ മാലിന്യങ്ങൾ ഉൾപ്പെടെ ഒഴുകി പോകാൻ സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനാൽ മഴക്കാലത്ത് മുട്ടോളം വെള്ളത്തിൽ നിന്നാണ് നാട്ടുകാർ ക്രയവിക്രയങ്ങൾ നടത്തുന്നത്. ചന്തയിൽ നിന്ന് എത്തുന മാലിന്യങ്ങൾ ഓടയില്ലാത്തതിനാൽ ഒഴുകി എത്തുന്നത് തൊട്ടടുത്ത പോസ്റ്റാഫീസിലേക്കും പുതിയകാവ് ടൗണിലേക്കുമാണ്. പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം അതു പരിരക്ഷിക്കുക കൂടി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശുചിത്വ കാര്യത്തിൽ ഏറെ തുക ചെലവാക്കുന്ന പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് സമീപത്തെ അംഗൻവാടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ കുട്ടികളെ പകർച്ചവ്യാധിയിൽ നിന്നു സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമായി.