sab

തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് കാലത്ത് തന്ത്രപരമായി നീങ്ങാൻ സംസ്ഥാനസർക്കാർ നീക്കം. സർവകക്ഷി സമവായ സാദ്ധ്യതയിലേക്ക് നീങ്ങാമെന്ന ധാരണയിൽ നാളെ രാവിലെ 11 മണിക്ക് സർക്കാർ സർവകക്ഷിയോഗം വിളിച്ചു.

യുവതീപ്രവേശനം അനുവദിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് വിധി നടപ്പാക്കുകയെന്ന നിലപാടുമായി മുന്നോട്ട് പോകാൻ സർക്കാർ നിർബന്ധിതരാവുന്നുണ്ട്. എങ്കിലും ഹർജികൾ കോടതി കേൾക്കാൻ തീരുമാനിച്ച സ്ഥിതിക്ക് 'കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം' എന്ന നില കൈവന്നിട്ടുണ്ടെന്ന വാദം നിയമകേന്ദ്രങ്ങളിലുണ്ട്. എന്നാൽ വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യസാദ്ധ്യത നിലനിൽക്കുമെന്നും

നിയമകേന്ദ്രങ്ങളിൽ അഭിപ്രായമുണ്ട്. ഇത്തരം വ്യാഖ്യാനങ്ങൾ ആശയക്കുഴപ്പങ്ങളുയർത്തുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണവും ശ്രദ്ധേയമായി. വിധി സ്റ്റേ ചെയ്തിട്ടില്ല എന്ന് കോടതി പറഞ്ഞതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോയെന്ന് നിയമപരമായി പരിശോധിക്കട്ടെയെന്ന് അദ്ദേഹം പറയുകയുണ്ടായി. അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.

ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സുപ്രധാനവിധിയിൽ നിന്ന് സുപ്രീംകോടതി പിറകോട്ട് പോവില്ലെന്ന നിഗമനത്തെ ശരിവയ്ക്കുന്നതായി ഇന്നലെ കോടതിയെടുത്ത തീരുമാനം. പുനഃപരിശോധനാ ഹർജികൾ പരിഗണനയ്ക്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലൊരു തീരുമാനം മാത്രമാണ് ഇന്നലെ സർക്കാരടക്കം എല്ലാവരും പ്രതീക്ഷിച്ചത്. അതുതന്നെ സംഭവിച്ചു.

രാഷ്ട്രീയമായും ഭരണഘടനാപരമായും വിധിയോട് യോജിച്ച് നിന്ന സർക്കാരിന് അതുകൊണ്ടുതന്നെ സ്വന്തം നിലപാട് ശരിയെന്ന് ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്നതായി കോടതി തീരുമാനം. ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയവിജയമായി അവകാശപ്പെടുന്ന യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങളാകട്ടെ, ഇക്കാര്യത്തിൽ ഇനി സർക്കാർ വിവേചനപരമായി നീങ്ങണമെന്ന് വാദിച്ച് രംഗത്തെത്തി. ഇനിയും പിടിവാശി സർക്കാർ ഉപേക്ഷിച്ച് പഴയ നില തുടരണമെന്നാണ് ആവശ്യം.

വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് കോടതി അടിവരയിട്ട് പറഞ്ഞ സ്ഥിതിക്ക് സർക്കാരിന് ഇനി ഇതുമായി മുന്നോട്ട് പോയേ മതിയാവൂ. അതേസമയം, പ്രതിപക്ഷമുയർത്തിയ രാഷ്ട്രീയാവശ്യങ്ങൾ സൃഷ്ടിക്കുന്ന സംശയങ്ങൾ ദൂരീകരിക്കുകയും വേണം. കോടതി കേൾക്കുന്നത് വരെ വിധി നടപ്പാക്കിയല്ലേ മതിയാവൂ എന്ന് നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞതും വിധിയെന്തായാലും സർക്കാർ നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതുമെല്ലാം ഇതോട് ചേർത്തുവായിക്കണം.

ആചാരങ്ങൾക്ക് കോട്ടം തട്ടാതെ വിവേകപൂർവമായ തീരുമാനം സർക്കാരെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന എൻ.എസ്.എസ് നേതൃത്വത്തിന്റെ പ്രതികരണം, വിധി നടപ്പാക്കൽ ഇനിയും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിന്റെ സൂചനയാണ്. സർവകക്ഷിയോഗത്തോടുള്ള പ്രതിപക്ഷത്തിന്റെയടക്കം സമീപനവും കണ്ടറിയണം. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടും സർക്കാരിന് കാര്യങ്ങൾ അത്ര സുഗമമല്ല.