തിരുവനന്തപുരം: നെയ്യാറ്റിൻകരക്കാർക്കിടയിലുള്ള വില്ലൻ പരിവേഷമൊന്നും ഹരികുമാറിന് കല്ലമ്പലത്തും കല്ലറയിലുമില്ല. കല്ലറയിലെ കതിരുവിള വീട്ടിൽ ജനിച്ചുവളർന്ന ഹരികുമാർ വിവാഹത്തിന് ശേഷമാണ് കല്ലമ്പലത്ത് സ്ഥിരതാമസമാക്കിയത്. വെയിലൂർ ദേവനന്ദനത്തിലാണ് സ്ഥിരതാമസം. നേരത്തേയുണ്ടായിരുന്ന ഒറ്റനില കെട്ടിടം ഇരുനിലയാക്കി പുതുക്കിപ്പണിതിട്ടുണ്ട്. അയൽപക്കത്തെ ചെറുപ്പക്കാർക്കെല്ലാം ഡിവൈ.എസ്.പി ഹരികുമാർ ഹരിഅണ്ണനാണ്. 'ചാനലുകളും പത്രങ്ങളുമൊക്കെ പറയുന്നു ഹരിഅണ്ണൻ ആള് കുഴപ്പക്കാരനാണെന്ന്. പക്ഷേ, ഞങ്ങളുടെ അനുഭവത്തിൽ അങ്ങനെയല്ല. ഇവിടെ എല്ലാവരോടും നല്ല അടുപ്പം സൂക്ഷിക്കും' ഇന്നലെ കല്ലമ്പലത്തിലെ വീട്ടിലേക്ക് മരണം അറിഞ്ഞെത്തിയവർ ഇങ്ങനെയാണ് പ്രതികരിച്ചത്.
ഇനി ജന്മസ്ഥലമായ കല്ലറയിലുള്ളവരുടെ അഭിപ്രായത്തിൽ ' കല്ലറയിലെ എന്തുകാര്യം അറിഞ്ഞാലും ഹരി ഓടിയെത്തും. മരണമായാലും വിവാഹമായാലും ഇവിടെ ഉണ്ടെങ്കിൽ നാട്ടുകാർക്ക് എന്തെങ്കിലും കാര്യത്തിന് സഹായിക്കാനും മടിയില്ല '. പൊലീസ് കോൺസ്റ്റബിളായി തുടങ്ങിയ ഹരികുമാറിന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും നാട്ടിലെ സുഹൃത്തുക്കൾക്ക് നല്ലതേ പറയാനുള്ളൂ. കോൺസ്റ്റബിൾ ആയി ജോലി കിട്ടിയ ശേഷം പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കൊപ്പം ഹരികുമാർ കൂടി പഠിച്ചു തുടങ്ങി. ടെസ്റ്റ് എഴുതി വിജയിച്ച് എസ്.ഐ ആയി. കടയ്‌ക്കൽ സ്റ്റേഷനിൽ സി.ഐ ആയിരുന്നപ്പോൾ പൊലീസ് യൂണിഫോമിൽ പോകുമ്പോൾ പരിചയക്കാർ സാറെ എന്ന് വിളിച്ചാൽ ഹരികുമാർ തിരുത്തും. യൂണിഫോമിലായാലും അല്ലെങ്കിലും നിങ്ങൾ പഴയതു പോലെ ഹരിഅണ്ണാ എന്ന് വിളിച്ചാൽ മതിയെന്നു പറയുമെന്ന് സമീപവാസിയായ സജി ഓർമ്മിക്കുന്നു. ഹരികുമാറിന്റെ മൂത്ത മകൻ അഖിൽ ഹരി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് രോഗം ബാധിച്ച് മരിച്ചത് കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരുന്നത്.
ദേവനന്ദനം നിശബ്ദമായി തേങ്ങിയ പകൽ
കല്ലമ്പലം വെയിലൂരിലെ വെട്ടിമൺകോണം റോഡിലേക്ക് ഇന്നലെ രാവിലെ പത്തോടെ നാട്ടുകാർ ഓടുകയായിരുന്നു. ഡിവൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാ വാർത്ത വിശ്വസിക്കാതെ ദൂരെ നിന്നുള്ളവർ പോലും ബൈക്കുകളിലും കാറിലുമൊക്കെ അങ്ങോട്ടു കുതിച്ചു. വാഹനങ്ങളിൽ എത്തിയവരെ പ്രധാന റോഡിൽ നിന്നും ഇടറോഡിലേക്ക് തിരിയുന്നിടത്തു വച്ച് പൊലീസ് തടഞ്ഞു.
ഹരികുമാറിന്റെ ദേവനന്ദനം വീടിനു മുന്നിലെ റോഡ് ജനത്തെ കൊണ്ട് നിറഞ്ഞു. ഒപ്പം മാദ്ധ്യമ പ്രവർത്തകരും. വിവാദമായി കത്തി നിൽക്കുന്ന കൊലപാതക കേസിലെ പ്രതിയായ ഡിവൈ.എസ്.പി മരിച്ച അപൂർവ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എസ്.പി അശോക്‌കുമാറിന്റെ നേതൃത്വത്തിൽ വീടിന്റെ മതിലിനകത്തും പുറത്തും പൊലീസിനെ വിന്യസിച്ചു.
ഇന്നലെ പകൽ നടന്ന സംഭവങ്ങൾ ഏതാണ്ടിങ്ങനെയായിരുന്നു
രാവിലെ 9.30
നായ്ക്കൾക്ക് ആഹാരം കൊടുക്കാനായി പോയ ഹരികുമാറിന്റെ ഭാര്യാ മാതാവ് ലളിതമ്മ
ഹരികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നു. അവരുടെ നിലവിളിയിൽ നാട്ടുകാരും അറിയുന്നു.
രാവിലെ 10.30
ചാനലുകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും വാർത്ത പുറംലോകം അറിയുന്നു. ജനം കൂടുതലായി അവിടെ എത്തുന്നു.
രാവിലെ 11.30
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ഹരികുമാറിന്റെ ജ്യേഷ്ഠൻ മാധവൻനായർ വീട്ടു വളപ്പിലേക്കു പ്രവേശിപ്പിക്കുന്നില്ല. പൊലീസ് ഗേറ്റടച്ചു കാവൽ നിന്നു.
ഉച്ചയ്ക്ക് 1.00
ആർ.ഡി.ഒ ഇമ്പശേഖരൻ ഇൻക്വസ്റ്റിനായി എത്തുന്നു, തുടർന്ന് റൂറൽ എസ്.പി അശോക് കുമാർ മാദ്ധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നു. മാദ്ധ്യമ പ്രവർത്തകർ അകത്തേക്ക്. ചായ്പ്പിൽ തൂങ്ങിയ നിലയിൽ മൃതശരീരം കാണുന്ന ദൃശ്യം കാമറകൾ ഒപ്പിയെടുക്കുന്നു.
ഉച്ചയ്ക്ക് 1.16
ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിക്കുന്നു. ചാറ്റൽ മഴ പെയ്യുന്നു.
ഉച്ചയ്ക്ക് 1.21
മുറിയിൽ വെളിച്ചം കുറവായതിനാലും ഫ്ളാഷ് ഇല്ലാത്ത കാമറ ആയതിനാലും പൊലീസ് ഫോട്ടോഗ്രാഫറെ മാറ്റി സ്വകാര്യ ഫോട്ടോഗ്രാഫറെ കൊണ്ടുവരുന്നു
ഉച്ചയ്ക്ക് 1.30
മുറിയിൽ ലൈറ്റ് ഇല്ലാത്തതിനാൽ എമർജൻസി ലാമ്പ് എത്തിച്ച് ശാസ്ത്രീയ പരിശോധനകൾ ആരംഭിക്കുന്നു
ഉച്ചയ്ക്ക് 2.05
ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നതിനിടെ ഹരികുമാറിന്റെ ജ്യേഷ്ഠൻ മാധവൻനായരും ബന്ധുക്കളും മാദ്ധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകണമെന്ന് ആക്രോശിക്കുന്നു
വൈകിട്ട് 3.30
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്
രാത്രി 7
പോസ്റ്റ്മോർട്ടത്തിനു ശേഷം കല്ലമ്പലത്തെ വീട്ടിലെത്തിച്ച മൃതശരീരത്തിൽ നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരമർപ്പിക്കുന്നു.
ശേഷം സംസ്കാരം.