gsat29
ജിസാറ്റ് 29 ഉപഗ്രഹവുമായി വിക്ഷേപണത്തിനൊരുങ്ങി ജിഎസ്എൽവി എം.കെ.3 ഡി.2 റോക്കറ്റ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ഗജ ചുഴലിക്കാറ്റും പ്രശ്നമുണ്ടാക്കിയില്ലെങ്കിൽ ഇന്ത്യയുടെ വലിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -- 29 ഇന്ന് വൈകിട്ട് 5.08 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വിക്ഷേപിക്കും.

ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും പുതിയ റോക്കറ്റായ ജി.എസ്.എൽ.വി.എം.കെ. 3യുടെ രണ്ടാമത്തെ വിക്ഷേപണമാണിത്. 3423കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്. 27 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്‌ക്ക് 2.50 ന് ആരംഭിച്ചു.മാർച്ചിൽ ജിസാറ്റ് 6എ ഉപഗ്രഹം പരാജയപ്പെട്ടതിന് ശേഷമുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യവിക്ഷേപണമാണിത്. ഇൗ വർഷത്തെ നാലാമത്തെ വിക്ഷേപണവും.

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് ശക്തിയേറുന്നതാണ് പത്തുവർഷത്തെ ആയുസുള്ള ജിസാറ്റ 29 ദൗത്യം.ജമ്മുകാശ്‌മീരിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യവും പ്രതിരോധത്തിനും ഗ്രാമീണ ആവശ്യങ്ങൾക്കുമുള്ള വാർത്താവിനിമയ സൗകര്യങ്ങളും നൽകുന്നതിനുള്ള ഇടത്തരം, വൻകിട ട്രാൻസ്പോണ്ടറുകളാണ് ജിസാറ്റിലുള്ളത്. മൾട്ടിബീം ഒപ്റ്റിക്കൽ ഇമേജിംഗ് സംവിധാനങ്ങളുമുണ്ട്.