നെടുമങ്ങാട് :ഒടുവിൽ നെടുമങ്ങാടുകാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.

പെൻഷൻകാരെ ഏറെക്കാലമായി വീർപ്പുമുട്ടിച്ച ട്രഷറി മന്ദിരം ഇന്ന് പ്രവർത്തന സജ്ജമാവുകയാണ്. നെടുമങ്ങാട് റവന്യു ടവർ വളപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം വൈകിട്ട് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നിർവഹിക്കും. വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങിയും പടിക്കെട്ടുകൾ താണ്ടിയും വലഞ്ഞ നൂറുകണക്കിന് പെൻഷൻകാരുടെ പ്രാർത്ഥനയാണ് ഫലമണിയുന്നത്.പണി തീർന്നിട്ടും കെട്ടിടം തുറന്നു കൊടുക്കാത്തത് ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു.ഇതുസംബന്ധിച്ച് കേരളകൗമുദി വാർത്തകളുടെ പശ്ചാത്തലത്തിൽ സി.ദിവാകരൻ എം.എൽ.എ മുൻകൈ എടുത്താണ് മന്ദിരം പെൻഷൻകാർക്ക് തുറന്നു കൊടുക്കാൻ നടപടി സ്വീകരിച്ചത്.ട്രഷറി വകുപ്പ് ജോയിന്റ് ഡയറക്ടർ സാജനാണ് ട്രഷറി മാറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടം.റവന്യു ടവർ അങ്കണത്തിൽ സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്‌ഘാടന ചടങ്ങിൽ ഡോ.എ.സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തും.സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.ആർ.ജയദേവൻ,നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ പങ്കെടുക്കും.ട്രഷറി ഡയറക്ടർ എ.എം.ജാഫർ റിപ്പോർട്ട് അവതരിപ്പിക്കും.

 രാഷ്ട്രീയ പാപ്പരത്തം

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ട്രഷറി മന്ദിരം ഉദ്‌ഘാടനത്തിൽ കോൺഗ്രസ് നേതാക്കളെ അവഹേളിച്ചതായി പരാതി.രാഷ്ട്രീയ പാപ്പരത്തമാണ് എൽ.ഡി.എഫ് നേതൃത്വം കാട്ടുന്നതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺ കുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാജി,നഗരസഭ പ്രതിപക്ഷനേതാവ് ടി.അർജുനൻ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ.ബിനു എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു.

 ചെലവ്...2 കോടി

ഒന്നാം നിലയിൽ

പെൻഷൻകാരുടെ ഇരിപ്പിടങ്ങൾ

കാഷ് കൗണ്ടറും.ഇഷ്ടം പോലെ കാറ്റും വെളിച്ചവും കയറുന്ന വിശാലമായ മുറികൾ.കുടിവെള്ളവും ബാത്ത് അറ്റാച്ച്ഡ് ടോയ്ലറ്റുകളും ധാരാളം.

രണ്ടാം നില

ബില്ലുകളും ചെല്ലാനും ഫിക്സഡ് ഡെപ്പോസിറ്റും.

മൂന്നാം നിലയിൽ വിപുലമായ കമ്പ്യൂട്ടർ ശൃംഖല.