കല്ലമ്പലം : തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഡിവൈ.എസ്.പി ഹരികുമാർ മകന്റെ കുഴിമാടത്തിൽ പുഷ്പങ്ങൾ അർപ്പിച്ചതിന് ശേഷമായിരുന്നു മരണത്തിലേക്ക് നടന്നടുത്തത്. കുഴിമാടത്തിൽ ഹരികുമാർ അർപ്പിച്ച പുഷ്പങ്ങൾ ചൂണ്ടിക്കാട്ടി ജ്യേഷ്ഠസഹോദരൻ മാധവൻനായർ വിലപിക്കുന്നുണ്ടായിരുന്നു. 12 വർഷം മുമ്പ് മൂത്ത മകൻ അഖിൽ ഹരി ട്യൂമർ ബാധിതനായി മരിച്ചത് ഹരികുമാറിനെ ഏറെ തളർത്തിയിരുന്നു. എല്ലാ വർഷവും പൊലീസ് ക്വാർട്ടേഴ്സിൽ മകൻ അഖിൽ ഹരിയുടെ ഓർമ്മയ്ക്കായി ഫുട്ബാൾ ടൂർണമെന്റും ബി. ഹരികുമാർ സംഘടിപ്പിച്ചിരുന്നു. സനലിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാർ ആത്മഹത്യ ചെയ്തത് അപമാനഭാരത്താലാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം വേണം
അതേസമയം, ഡിവൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യയെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. വിൻസെന്റ് എം.എൽ.എയുടെ അറസ്റ്റു മുതൽ എൽ.ഡി.എഫ് നേതാക്കളും ഡിവൈ.എസ്.പിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. കൊലക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഒരാഴ്ചയിലേറെ ഒളിവിൽ കഴിഞ്ഞിട്ടും അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാൻ പ്രയാസമാണ്. ആത്മഹത്യക്ക് മുമ്പ് ഹരികുമാർ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നറിയാൻ ജുഡിഷ്യൽ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.