kwa

തിരുവനന്തപുരം: മണ്ഡലമകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിൽ കുടിവെള്ളം പൂർണതോതിൽ ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. നിലയ്ക്കലിൽ പ്രതിദിനം 65 ലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാകുമെന്ന് വാട്ടർ അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജലസംഭരണത്തിനും വിതരണത്തിനുമായി അഞ്ചു ലക്ഷം ലിറ്റർ വീതം ശേഷിയുള്ള മൂന്നു സ്റ്റീൽ പാനൽ ടാങ്കുകളും 5000 ലിറ്റർ വീതം ശേഷിയുള്ള 215 എൽ.എൽ.ഡി.പി.ഇ ടാങ്കുകളും ഒരുക്കി. പമ്പ, സീതത്തോട്, പെരിനാട്, അത്തിക്കയം ജലശുദ്ധീകരണ ശാലകളിൽനിന്നാണ് 25 ലക്ഷം ലിറ്റർ അധികജലം നിലയ്ക്കലിൽ എത്തിക്കുക.
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇലക്ട്രോക്ലോറിനേറ്റർ സംവിധാനമുണ്ട്. പമ്പയിലേക്കും നിലയ്ക്കലിലേക്കും ദിവസവും 60 ലക്ഷം ലിറ്ററും സന്നിധാനത്തും ശരണപാതയിലുമായി 70 ലക്ഷം ലിറ്ററും വെള്ളമെത്തിക്കും. സീതത്തോട് നിന്ന് നിലയ്ക്കലിൽ 20 ലക്ഷം ലിറ്റർ വെള്ളമെത്തിക്കും.

നിലയ്ക്കലിൽ മണിക്കൂറിൽ 1000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പുതിയ 25 ആർഒ പ്ലാന്റുകൾ വഴി ദിവസവും അഞ്ചു ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. പമ്പയിലും ശരണപാതയിലുമായി ദിവസവും 6.80 ലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുന്ന 12 ആർ.ഒ പ്ലാന്റുകളുമുണ്ട്. എല്ലാ ആർഒ പ്ലാന്റുകളിലൂടെയുമായി ദിവസവും 12.20 ലക്ഷം ലിറ്റർ വെള്ളമാണ് ലഭ്യമാക്കുന്നത്.
12 കുടിവെള്ള ഡിസ്‌പെൻസറുകളും കെ.എസ്.ആർ.ടി.സി പരിസരത്തും സന്നിധാനത്തും ശരംകുത്തിയിലും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറിയുമുണ്ട്. അടിയന്തരസാഹചര്യങ്ങൾ നേരിടാനായി അസിസ്റ്റന്റ് എൻജിനീയറുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂമും പമ്പയിലുണ്ട്.