23 മത്സരങ്ങൾ, 3 ജയം, 18 തോൽവികൾ, ഫലമില്ലാത്ത രണ്ട് മത്സരങ്ങൾ
.
2017 ജനുവരി 30 മുതലുള്ള ഒരു ഏകദിന ക്രിക്കറ്റ് ടീമിന്റെ മത്സര റെക്കാഡാണിത്. ശിശുക്കളായ പാപ്പുവ ന്യൂഗിനയയോ, നമീബിയയോ ഒന്നുമല്ല ഇൗ നാണംകെട്ട റെക്കാഡിന്റെ ഉടമകൾ. ആസ്ട്രേലിയയാണ് അതേ നിലവിലെ ഏകദിന ലോക ചാമ്പ്യൻമാർ.
ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ വിജയശരാശരിയാണിത്. വിജയശരാശരിയിൽ യു.എ.ഇ, നേപ്പാൾ, ഹോംഗ്കോംഗ്, പാപ്പുവ ന്യൂഗിനിയ എന്നിവർക്കെല്ലാം പിന്നിൽ 18-ാം സ്ഥാനത്താണ് ഇപ്പോൾ ആസ്ട്രേലിയ.
2017 ജനുവരിയിലെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ആസ്ട്രേലിയ തുടർച്ചയായി തോൽക്കാൻ തുടങ്ങിയത്. 2017 ജനുവരിക്ക് ശേഷം അഞ്ച് ഉഭയകക്ഷി പരമ്പരകളാണ് ലോക ചാമ്പ്യൻമാർ തോറ്റത്. ഇതിൽ രണ്ടെണ്ണം സ്വന്തം നാട്ടിലായിരുന്നു. മൂന്നെണ്ണം വിദേശമണ്ണിലും. ഇംഗ്ളണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഫൈനലിൽ എത്താൻ കഴിഞ്ഞതുമില്ല. ഇംഗ്ളണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയാണ് ആസ്ട്രേലിയ പരമ്പരകളിൽ തോറ്റത്.
2018 ൽ ആസ്ട്രേലിയ കളിച്ച 13 ഏകദിനത്തിൽ 11 എണ്ണത്തിലും അവർ തോറ്റു. ഇൗ വർഷം തോൽക്കാൻ ഇനി ഏകദിനങ്ങളും ബാക്കിയില്ല.
ബാറ്റിംഗിലെ താളപ്പിഴകളാണ് ആസ്ട്രേലിയയെ ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത്. ഇക്കാലയളവിൽ ആസ്ട്രേലിയൻ ബാറ്റ്സ്മാൻമാരിൽനിന്ന് പിറന്നത് വെറും ഒൻപത് സെഞ്ച്വറികളാണ്. അതേസമയം ഇന്ത്യൻ ബാറ്റ്സ്മാൻമാർ 30 സെഞ്ച്വറികൾ നേടിക്കഴിഞ്ഞു.
ആസ്ട്രേലിയയെ പിന്നോട്ടടിച്ചത്
. 2015 ലോകകപ്പിന് ശേഷം മൈക്കേൽ ക്ളാർക്ക്, ഷേൻ വാട്ട്സൺ, ബ്രാഡ് ഹാഡിൻ തുടങ്ങിയ മുൻനിര താരങ്ങൾ വിരമിച്ചത്.
. ജെയിംസ് ഫോക്‌നറെപ്പോലുള്ള ആൾ റൗണ്ടർമാർക്ക് ടീമിൽ സ്ഥാനം നിലനിറുത്താൻ കഴിയാതെ പോയത്.
നായകൻ, സ്റ്റീവൻ സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും പന്തുരയ്ക്കൽ കേസിൽപ്പെട്ട് വിലക്കിലായത്
. ടീം മാനേജ്മെന്റ് ഏകദിനത്തേക്കാൾ ടെസ്റ്റിന് പ്രാധാന്യം നൽകിയത്.
. മിച്ചൽ സ്റ്റാർക്കിന് പരിക്കുമൂലം ഫോം നഷ്ടമായത്.
. മികച്ച ആസ്ട്രേലിയൻ താരങ്ങളായ വാർണർ, സ്റ്റീവൻ സ്മിത്ത്, ആരോൺ ഫിഞ്ച്, പാറ്റ് കുമ്മിൻസ്, ഹേസൽ വുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഒന്നിച്ച് കരിയറിൽ 18 മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളൂ.
. 2017 മുതൽ ഇതുവരെയുള്ള 23 മത്സരങ്ങളിൽ ആസ്ട്രേലിയ പരീക്ഷിച്ചത് 32 കളിക്കാരെയാണ്. ഇൗ പരീക്ഷണങ്ങളിൽ പലതും വിജയം കണ്ടില്ല.
മുന്നിൽ ഇംഗ്ളണ്ട്
. 2017 ജനുവരി 30ന് ശേഷം ഏറ്റവും കൂടുതൽ വിജയ ശരാശരിയുള്ളത് ഇംഗ്ളണ്ടിനാണ്. 41 മത്സരങ്ങളിൽ 31 എണ്ണത്തിലും ഇംഗ്ളണ്ട് ജയിച്ചു.
. ഇന്ത്യ ഇക്കാലയളവിൽ 46 മത്സരങ്ങളിൽ 33 എണ്ണം ജയിച്ചു.
. 31 മത്സരങ്ങളിൽ 19 എണ്ണം ജയിച്ച പാകിസ്ഥാനാണ് മൂന്നാംസ്ഥാനത്ത്