കോവളം: നഗരസഭയുടെ നാല് പ്രധാന വാർഡുകളുടെ ആശ്രയകേന്ദ്രമായ തിരുവല്ലം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഒ.പിയിൽ ഡോക്ടറില്ലാത്തത് പ്രവർത്തനം അവതാളത്തിലാക്കുന്നു. നൂറുകണക്കിന് രോഗികളെത്തുന്ന ഇവിടെ ആഴ്ചയിൽ മൂന്നു ദിവസമേ ഡോക്ടറെത്താറുള്ളൂവെന്നും മാസങ്ങളായി ഇതാണ് സ്ഥിതിയെന്നും രോഗികൾ പറയുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ആശുപത്രി സമയം. ഇവിടെയെത്തുന്ന രോഗികളോട് ഡോക്ടർ ഡ്യൂട്ടിയുടെ ഭാഗമായി ട്രെയിനിംഗിന് പോയെന്നാണ് സ്റ്റാഫുകൾ പറയുന്നത്. നഗരസഭയുടെ പുഞ്ചക്കരി, തിരുവല്ലം, വെള്ളാർ, പൂങ്കുളം എന്നീ നാല് വാർഡുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഇവിടെ രണ്ട് ഡോക്ടർമാരുണ്ടായിരുന്നു. എൻ.ആർ.എച്ച്.എം ഡോക്ടർ ഉപരിപഠനത്തിന് പോയതോടെ മുഴുവൻ ജോലിയും നിലവിലെ ഡോക്ടറാണ് ചെയ്യേണ്ടി വരുന്നത്. ഈ ഡോക്ടറിന് ആഴ്ചയിൽ രണ്ടുദിവസം അംഗൻവാടി, സബ്‌സെന്റർ എന്നിവിടങ്ങളിൽ കുട്ടികൾക്ക് കുത്തിവയ്പെടുക്കാനും പോകണം. ഡോക്ടറുടെ സേവനം ലഭ്യമല്ലാതായതോടെ നിർദ്ധനരായ രോഗികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പോകേണ്ട അവസ്ഥയിലാണ്. ഡോക്ടറില്ലാത്ത വിവരം വാർഡ് കൗൺസിലർമാരെയും നഗരസഭാധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.