wayne-rooney-
wayne rooney

ലണ്ടൻ: ഇംഗ്ളണ്ടിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനായി ചരിത്രം കുറിച്ച സ്ട്രൈക്കർ വെയ്ൻ റൂണിക്ക് വിടവാങ്ങൽ മത്സരത്തിന് അവസരമൊരുക്കിയിരിക്കുകയാണ് ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ. ഇന്ന് അമേരിക്കയ്ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് അവസാനമായി രാജ്യത്തിന്റെ കുപ്പായമണിയാൻ പരിശീലകൻ ഗാരേത്ത് സൗത്ത് ഗേറ്റ് റൂണിയെ ക്ഷണിച്ചിരിക്കുന്നത്.

119 മത്സരങ്ങൾ ഇംഗ്ളണ്ടിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് വെയ്ൻ റൂണി. 53 ഗോളുകളും രാജ്യത്തിനായി നേടി. 2003 ഫെബ്രുവരി 12 നാണ് ഇംഗ്ളണ്ടിനുവേണ്ടി ആദ്യമത്സരം കളിച്ചത്. 2016 നവംബർ 11ന് സ്കോട്ട് ലാൻഡിനെതിരെ 3-0 ത്തിന് വിജയം നേടിയ മത്സരത്തിന് ശേഷം റൂണി ഇതുവരെ രാജ്യത്തിന്റെ കുപ്പായമണിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ളണ്ട് ടീമിൽ ഉണ്ടായിരുന്നുമില്ല.

പ്രമുഖ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ദീർഘകാലം കളിച്ച റൂണി ഇപ്പോൾ അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഡി.സി യുണൈറ്റഡിന് വേണ്ടിയാണ് കളിക്കുന്നത്.

വെംബ്ളി സ്റ്റേഡിയത്തിലാണ് റൂണിയുടെ വിടവാങ്ങൽ മത്സരം.

''വെംബ്ളിയിൽ ഒരിക്കൽകൂടി ഇംഗ്ളണ്ടിന്റെ കുപ്പായമണിയാൻ അവസരം നൽകുന്നതിന് ഗാരേത്ത് സൗത്ത് ഗേറ്റിനോടും ഫുട്ബാൾ അസോസിയേഷനോളം അതിരറ്റ നന്ദിയുണ്ട്""

വെയ്ൻ റൂണി