തിരുവനന്തപുരം: പരിഹസിച്ചത് ചോദ്യംചെയ്ത കൊച്ചുവേളി കടപ്പുറത്ത് കുരിശപ്പൻ എന്ന ഹെറിക്കിനെ (50) മർദ്ദിച്ചു കൊന്ന കേസിൽ അഞ്ചുപേർ പിടിയിലായി. കൊച്ചുവേളി സ്വദേശികളായ ജിജോ (29), അച്ചു എന്നു വിളിക്കുന്ന സുജിത്ത് (25), വലിയവേളി സ്വദേശിയായ ജോൺപോൾ (24), കണ്ണാന്തുറ സ്വദേശികളായ ചില്ലു എന്ന ഷാനു മിറാന്റ (27), പീറ്റർ ഷാനോ (33) എന്നിവരാണ് പിടിയിലായത്. ജിനു, സുമിത്ത് ബ്രോ എന്നിവരെ പിടികൂടാനുണ്ട്. കുടുംബവുമായി അകന്ന് താമസിച്ചിരുന്ന കുരിശപ്പന്റെ വീടിനു സമീപം ഇവർ സ്ഥിരമായി വന്നിരുന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തതും തുടർന്ന് ജിജോയുടെ അമ്മയും കുരിശപ്പനുമായി ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇയാളെ പരിഹസിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകം നടത്തുന്നതിന് മുമ്പ് കൊച്ചുവേളി തൈവിളാകം കടപ്പുറത്ത് ഒത്തുകൂടി പ്രതികൾ മദ്യപിച്ചു. പിന്നാലെ കുരിശപ്പനെ വീട്ടിൽ നിന്ന് ബലമായി കൂട്ടിക്കൊണ്ടുപോയി കടപ്പുറത്തുവച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം അയാൾ താമസിച്ചിരുന്ന വീടിന്റെ വരാന്തയിൽ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിറ്റേദിവസം മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ക്രൂരമായ മർദ്ദനത്തിൽ വാരിയെല്ല് തകർന്നിരുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനും സംഭവിച്ച പരിക്കുകളാണ് മരണകാരണമായതെന്ന് പൊലീസ് പറഞ്ഞു. ശംഖുംമുഖം അസി. കമ്മിഷണർ ഷാനിഹാന്റെ നേതൃത്വത്തിൽ വലിയതുറ സ്റ്റേഷൻ എസ്.എച്ച്.ഒ എസ്. ബിജോയ്, സബ് ഇൻസ്‌പെക്ടർമാരായ എസ്.വി. ആശിഷ്, വി. അശോകൻ നായ., പത്മകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ബിനു, അജി, വിനോദ്, സാബു, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.