തിരുവനന്തപുരം: എൻ.ഡി.എ വിട്ട ആദിവാസി ഗോത്രമഹാസഭാ മുൻ നേതാവ് സി.കെ. ജാനു ഇന്നലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു ഈ കൂടിക്കാഴ്ച.
സി.പി.എമ്മിലോ സി.പി.ഐയിലോ ലയിച്ച് ഇടതുമുന്നണിയിലേക്ക് വരാനുള്ള സന്നദ്ധതയാണ് ജാനുവിനോട് ആരാഞ്ഞത്. തന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയെ ഘടകകക്ഷിയാക്കാമെങ്കിൽ വരാമെന്ന് ജാനു അറിയിച്ചു. ആവശ്യം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്താമെന്ന് മന്ത്രി മറുപടി നൽകി.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും ജാനു ആവശ്യപ്പെട്ടു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും തുടർനടപടി വൈകുന്ന സാഹചര്യത്തിലാണിത്. ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.