kerala-olympic-assosiatio
kerala olympic assosiation election

തിരുവനന്തപുരം : നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചതോടെ കേരള ഒളിമ്പിക് അസോസിയേഷൻ സംഘടനാതിരഞ്ഞെടുപ്പിന്റെ ചൂടിലമർന്നു.

ഇൗ വർഷമാദ്യം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) കേരള ഒളിമ്പിക് അസോസിയേഷനെ പിരിച്ചുവിട്ട് ഹോക്കി ഇന്ത്യ മുൻ പ്രസിഡന്റ് മറിയാമ്മ കോശിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതല ഏൽപ്പിച്ചിരുന്നു. 2013 നുശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയില്ല. 2015ന് ശേഷം ജനറൽ ബോഡി വിളിച്ചില്ല, മൂന്ന് വർഷത്തെ അഫിലിയേഷൻ ഫീസ് കുടിശിക വരുത്തി തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് നിലവിലുണ്ടായിരുന്ന അസോസിയേഷനെ പിരിച്ചുവിട്ടത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കേരള ഒളിമ്പിക് അസോസിയേഷന് രജിസ്ട്രേഷൻ പോലും ഇല്ലായിരുന്നു എന്ന് കണ്ടെത്തിയതിനെതുടർന്ന് തള്ളിപ്പോവുകയായിരുന്നു. തുടർന്നാണ് അഡ്ഹോക്ക് കമ്മിറ്റി വരണാധികാരിയെ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നത്.

മത്സരം കടുക്കും

കടുത്ത മത്സരമാണ് സംഘടനാഭരണം പിടിച്ചെടുക്കാനായി നടക്കുന്നത്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിങ്ങനെ 20 പദവികളിലേക്കാണ് ഇലക്‌ഷൻ. ഇതിൽ രണ്ട് പാനലുകളായി തിരിഞ്ഞാണ് മത്സരം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറലുമായ വി.എൻ. പ്രസൂദാണ് ഒരുപാനലിൽ സെക്രട്ടറിയായി മത്സരിക്കുന്നത്. നിലവിലെ അഡ്ഹോക്ക് കമ്മിറ്റി അംഗംകൂടിയാണ് പ്രസൂദ്. ദേശീയ അക്വാട്ടിക് ഫെഡറേഷൻ വൈസ് പ്രസിഡന്റായ എസ്. രാജീവാണ് സെക്രട്ടറിയായി എതിർപാനലിൽ മത്സരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യവസായികളായ മാത്യു മുത്തൂറ്റ്, സുനിൽ കുമാർ എന്നിവരാണ് പത്രിക നൽകിയിരിക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡംഗം എം.ആർ. രഞ്ജിത് ട്രഷററായി മത്സരിക്കുന്നു.

വോട്ടിംഗ് ഇങ്ങനെ

സംസ്ഥാനത്തെ അംഗീകൃത കായിക അസോസിയേഷനിൽ നിന്നുള്ള പ്രതിനിധികൾ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഒളിമ്പിക് കായിക ഇനങ്ങളും സംഘടനകൾക്ക് മൂന്ന് വോട്ടും നോൺ ഒളിമ്പിക് കായിക ഇനങ്ങൾക്ക് രണ്ട് വോട്ടുമാണുള്ളത്. സംസ്ഥാനത്തെ 32 കായിക അസോസിയേഷനുകളുടെ ഭാരവാഹികൾക്കാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിരുന്നത്. എന്നാൽ, ഇതിൽ തായ്കൊണ്ടോ, കബഡി, വുഷു എന്നീ അസോസിയേഷനുകളെ തർക്കംകാരണം ഒഴിവാക്കി. 86 പേരാണ് ഇപ്പോൾ വോട്ടേഴ്സ് ലിസ്റ്റിലുള്ളത്. അവസാനനിമിഷം ആർച്ചറിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒപ്പം വിവാദവും

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കഴിഞ്ഞദിവസം കൊച്ചിയിൽ കായിക അസോസിയേഷനുകളുടെ യോഗം വിളിച്ചുകൂട്ടി പാനൽ അവതരിപ്പിച്ച് വോട്ട് അഭ്യർത്ഥിച്ചത് വിവാദമായിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ ഭാരവാഹി അസോസിയേഷനിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ വോട്ടിനായി സമ്മർദ്ദം ചെലുത്തിയതാണ് വിവാദമായത്. വോട്ടിനായി മന്ത്രിതലം മുതലുള്ള രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായും ആരോപണമുണ്ട്.

അഴിമതിക്കേസിൽ സ്പോർട്സ് കൗൺസിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്ന സംഘടനയുടെ ഭാരവാഹിയും മത്സരരംഗത്തുണ്ട്.

'തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ-ഗവൺമെന്റ് തലത്തിലെ ഇടപെടലുകൾ ഉണ്ടാകുന്നത് ഒളിമ്പിക് ചാർട്ടറിന് എതിരാണ്. അത്തരം സാഹചര്യം ഉണ്ടാകുന്നുണ്ടോയെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പരിശോധിക്കും.

മറിയാമ്മ കോശി

അഡ്ഹോക്ക് കമ്മിറ്റി ചെയർപേഴ്സൺ