തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എൻ. വിജയകുമാറിനെ നിർദ്ദേശിക്കാൻ സി.പി.എമ്മിൽ ധാരണ.
തിരുവനന്തപുരം തിരുവല്ലം സി. പി.എം ലോക്കൽകമ്മിറ്റി അംഗമായ വിജയകുമാർ സെക്രട്ടേറിയറ്റിൽ അഡിഷണൽ സെക്രട്ടറി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥനാണ്. സംസ്ഥാന വിവരാവകാശ കമ്മിഷനിൽ സെക്രട്ടറിയായിരുന്നിട്ടുണ്ട്.
2000ലെ നായനാരുടെ ഭരണകാലത്ത് കോൺഗ്രസ് സി. പി. എം സംഘർഷത്തിന്റെ പേരിൽ കോടതി ഉത്തരവു പ്രകാരം പിരിച്ചുവിടപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു. വി.എസ് സർക്കാരാണ് തിരിച്ചെടുത്തത്.
ഈ മാസം 29നാണ് നിയമസഭയിലെ ഹിന്ദു എം.എൽ.എമാർക്കിടയിൽ ദേവസ്വം ബോർഡ് അംഗത്തെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടക്കുക. കെ. രാഘവൻ വിരമിച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. 27ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
മലബാർ ദേവസ്വംബോർഡിലുള്ള ഒഴിവിലേക്ക് കാലാവധി തീർന്ന പ്രസിഡന്റ് ഒ.കെ. വാസുവിനെ വീണ്ടും നിർദ്ദേശിക്കും. തുടർച്ചയായി രണ്ട് വട്ടം നിയമിക്കുന്ന തടസ്സം നീക്കാൻ ഈയിടെ നിയമഭേദഗതി വരുത്തിയിരുന്നു.