കഴക്കൂട്ടം : ഇലക്ട്രിക് കടയിൽ കയറിയ നീർനായയെ പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് പിടികൂടി. ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടം ബൈപാസിനടുത്തെ കടയിൽ നീർ നായ കയറിയത്. നാർ നായ കയറുന്നത് കണ്ട കടക്കാരൻ ഷട്ടർ അടച്ച ശേഷം പൊലീസിനെ അറിയിച്ചു. തുടർന്നാണ് വാവ സുരേഷിനെ വിളിച്ചത്. വൈകിട്ടോടെ പാലോട്ട് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി. വാവ സുരേഷും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്നു മണിക്കൂർ പരിശ്രമിച്ചാണ് നീർനായയെ പിടികൂടിയത്. ആൺ വർഗത്തിൽപ്പെട്ട നീർനായയ്‌ക്ക് പത്ത് കിലോ ഭാരവും ആറ് വയസ് പ്രായമുണ്ടെന്ന് വനം വകുപ്പ് പറഞ്ഞു. മ്യൂസിയത്തിൽ നിന്നെത്തിച്ച കൂട്ടിലാണ് ഇതിനെ പാലോട് വനംവകുപ്പിന് കൈമാറിയത്. നീർനായയെ കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. വാവ സുരേഷ് പിടികൂടുന്ന രണ്ടാമത്തെ നീർനായയാണിത്.