കോവളം: ബൈപാസ് റോഡിലെ വെള്ളാറിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പൂന്തുറ സ്വദേശി ആർലെന്റാണ് (40) മരിച്ചത്. പരിക്കേറ്റ ആർലെന്റിന്റെ ഭാര്യ ഐഡയേയും (35) കുഞ്ഞിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട സ്വിഫ്ട് കാറിലുണ്ടായിരുന്ന പുഞ്ചക്കരി സ്വദേശി നിക്‌സൻ, മണക്കാട് സ്വദേശി ഹരീഷ് എന്നിവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 9.30നായിരുന്നു അപകടം. വെള്ളാറിൽ റോഡ് നിർമ്മാണം നടക്കുന്നിടത്താണ് അപകടമുണ്ടായത്. ഇവിടെ വെളിച്ചവുമുണ്ടായിരുന്നില്ല. പിന്നിൽ നിന്ന് അമിത വേഗതയിലെത്തിയ കാറിടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആർലെന്റ് സമീപത്തെ പൊന്തയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.നാട്ടുകാരും പൊലീസും ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും രക്തം വാർന്ന് മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാറുകൾ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് റോഡിന്റെ വശങ്ങളിലേക്ക് തെറിച്ചുപോയി.