തിരുവനന്തപുരം: 'ഞാൻ ആദ്യം കീഴടങ്ങാം, ഞാൻ സറണ്ടർ ചെയ്യുന്നതോടെ പഞ്ച് പോകും. പിന്നാലെ നീയും കീഴടങ്ങിയാൽ കുഴപ്പമില്ല' ഡിവൈ.എസ്.പി ഹരികുമാറിന്റെ ഈ വാക്കുകൾ വിശ്വസിച്ചാണ് ഒൻപത് ദിവസം ഒളിവിൽ കഴിഞ്ഞശേഷം കല്ലമ്പലം വെയിലൂരിലെ വീടിന് സമീപത്തെ ഇടവഴിയിൽ തിങ്കളാഴ്ച രാത്രി വേർപിരിഞ്ഞതെന്ന് ജുവലറി ഉടമ ബിനു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് എസ്.പി ഓഫീസിൽ രമേശ് എന്ന ഡ്രൈവർക്കൊപ്പം കീഴടങ്ങിയ ബിനുവിനെ രാത്രി മുഴുവൻ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.
നെയ്യാറ്റിൻകര സനൽകുമാറിന്റെ മരണത്തിന് ശേഷം പ്രതിയായ ഡിവൈ.എസ്.പിക്കൊപ്പം കേരളത്തിന് പുറത്ത് ഒളിവിൽ കഴിഞ്ഞ ബിനു കഴിഞ്ഞ ഒൻപത് ദിവസത്തെ ഒളിവുജീവിതവും കീഴടങ്ങാനുള്ള ഉറപ്പിൽ നാട്ടിൽ തിരിച്ചെത്തിയതുവരെയുള്ള സംഭവങ്ങളും അന്വേഷണ സംഘത്തോട് വിശദമായി വെളിപ്പെടുത്തി. സനൽകുമാറിനെ വാഹനം ഇടിച്ച് ഗുരുതരാവസ്ഥയിലായതോടെ റൂറൽ എസ് പി അശോക് കുമാറിനെ വിളിച്ചു താൻ സ്ഥലത്തു നിന്നു മാറുകയാണെന്ന അറിയിച്ച ഹരികുമാർ തന്നെ വാഹനം ഓടിക്കാനും മറ്റുമായി കൂട്ടിന് കൂടെകൂട്ടുകയായിരുന്നു എന്നാണ് ബിനുവിന്റെ മൊഴി.
കല്ലമ്പലത്തെ വീട്ടിലെത്തിയ ഹരികുമാർ ഒളിവിൽ കഴിയുന്നതിനാവശ്യമായ പണമുൾപ്പെടെയുള്ള തയ്യാറെടുപ്പുകളോടെയാണ് നാടുവിട്ടത്. തൃപ്പരപ്പിൽ നിന്ന് കാർ മാർഗം മധുര, മൈസൂർ വഴി ധർമ്മസ്ഥൽ വരെ തുടർച്ചയായി യാത്ര ചെയ്തു. സനൽകുമാറിന്റെ കൊലപാതകം വിവാദമാകുകയും ക്രൈംബ്രാഞ്ച് ഐ.ജി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെ ഹരികുമാർ സമ്മർദ്ദത്തിലായി. അന്വേഷണ സംഘം തങ്ങളെ പിന്തുടരുന്നുവെന്നും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനേയും തന്റെ മകനേയും അറസ്റ്റ് ചെയ്യുകയും ഹരികുമാറിന്റെ ജ്യേഷ്ഠൻ, തന്റെ ഭാര്യ എന്നിവർക്ക് നോട്ടീസ് നൽകുകയും ചെയ്തതോടെ ക്രൈംബ്രാഞ്ചിൽ നിന്ന് തനിക്ക് സഹായം ലഭിക്കില്ലെന്ന് മനസിലാക്കിയ ഹരികുമാർ സേനയിലെ ചില സഹപ്രവർത്തകരെ ബന്ധപ്പെട്ട് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചു. കേസിൽ ആദ്യം സഹായം വാഗ്ദാനം ചെയ്ത പലരും കൈവിടുകയും ജാമ്യം ലഭിക്കുമെന്ന് ആദ്യം ഉറപ്പ് നൽകിയ അഭിഭാഷകൻ പിന്നീട് അതിനുള്ള സാദ്ധ്യതയില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ ഡിവൈ.എസ്.പി നിരാശനായി. മതിയായ ഉറക്കവും ഭക്ഷണവുമില്ലാതെ തുടർച്ചയായുള്ള യാത്ര പ്രമേഹ ബാധിതനായ ഹരികുമാറിനെ ശാരീരികമായും തളർത്തി.
നെയ്യാറ്റിൻകര ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വരുന്നതിനെപ്പറ്റിയുള്ള ചിന്തകളിലും ഹരികുമാർ അസ്വസ്ഥനായിരുന്നു. യാത്രയിലുടനീളം ഇതേപ്പറ്റി അദ്ദേഹം ഇത് പങ്കുവച്ചിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യുമെന്ന യാതൊരു തോന്നലും പെരുമാറ്റത്തിലോ സംസാരത്തിലോ തോന്നിയിട്ടില്ലെന്നാണ് ബിനു ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് തിരിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മുമ്പാകെ കീഴടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തെങ്കാശി, തെന്മല വഴി കല്ലമ്പലത്തെത്തിയപ്പോൾ രാത്രി പത്തുമണിയായി. വീടിന് സമീപത്തെ വിജനമായ ഇടവഴിയിൽ കാറിൽ നിന്നിറങ്ങിയശേഷം കീഴടങ്ങാനെന്ന മട്ടിൽ യാത്ര പറഞ്ഞിറങ്ങിയെന്നും ബിനു മൊഴി നൽകി.
രാത്രി ഏഴു മുതൽ പത്തര വരെ ഇടയ്ക്കിടെ ഫോൺ ഓൺ ആക്കിയ ഹരികുമാറിനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കോളെടുത്തെങ്കിലും സംസാരിച്ചില്ല. രാത്രി പത്തരയോടെ വെയിലൂരിലെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് ടവർ ലോക്കേഷൻ കാണപ്പെട്ടത്. ഹരികുമാറിനെ കല്ലമ്പലത്താക്കിയശേഷം ബിനുവും കാറോടിച്ചിരുന്ന രമേശും കാർ നെയ്യാറ്റിൻകര ചായക്കോട്ട് കോണത്തെ വീട്ടിലെത്തിച്ചു. അവിടെ നിന്ന് രമേശിന്റെ ബന്ധുവീട്ടിലെത്തി. ഇന്നലെ രാവിലെ കീഴടങ്ങാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ് ഹരികുമാറിന്റെ മരണവാർത്തയറിഞ്ഞത്. തുടർന്ന് കീഴടങ്ങൽ താത് കാലികമായി മാറ്റിയെങ്കിലും രാത്രിയോടെ ക്രൈംബ്രാഞ്ച് എസ്. പി ഓഫീസിലെത്തുകയായിരുന്നു. മൊഴികൾ ആവർത്തിച്ച് പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇവരെ ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.