കഴിഞ്ഞ 40 വർഷമായി ലാൻഡ് ഫോൺ കണക്ഷനുള്ളയാളാണ് ഞാൻ. എന്റെ ഫോൺ നമ്പർ 0474 - 2749982. എന്റെ ഭാര്യ കെ. ജാനകിയുടെ പേരിലാണ് കണക്ഷൻ. ആഗസ്റ്റ് മാസത്തെ ബിൽ (ഇഷ്യു ഡേറ്റ് 5-8-2018, പേയ്‌മെന്റ് ഡേറ്റ് - 30-8-2018) കിട്ടി രണ്ടു ദിവസത്തിനുള്ളിൽ കൊല്ലം കടപ്പാക്കട പോസ്റ്റ് ഓഫീസിൽ പണം അടച്ചു.
എന്നാൽ പണം അടച്ച ശേഷവും എത്രയും വേഗം ബിൽ തുക അടയ്ക്കണമെന്നും അല്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നുമുള്ള ആട്ടോമേറ്റഡ് സന്ദേശം ഫോണിൽ വന്നുകൊണ്ടിരുന്നു. ഇതേ തുടർന്ന് ബി.എസ്.എൻ.എൽ അധികൃതരെ വിവരമറിയിച്ചു. കുഴപ്പമില്ലയെന്നും അവർ അന്വേഷിച്ചുകൊള്ളാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. എന്നാൽ അടുത്ത ദിവസം കണക്ഷൻ വിച്ഛേദിക്കുക തന്നെ ചെയ്തു. ഇതേ തുടർന്ന് ബി.എസ്.എൻ.എല്ലിന്റെ കൊല്ലത്തെ മെയിൻ ഓഫീസിൽ വിവരമറിയിച്ചു. പോസ്റ്റ് ഓഫീസിൽ പണം അടച്ചതുകൊണ്ട് സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. കണക്ഷൻ തിരികെ ലഭിച്ചുവെങ്കിലും ഒക്ടോബറിൽ ബിൽ വന്നപ്പോൾ അടച്ച തുകയടക്കം പുതിയ ബില്ലിൽ ചേർത്തിരിക്കുന്നു. ''ചില സാങ്കേതിക കാരണങ്ങളാൽ പോസ്റ്റാഫീസിൽ അടയ്ക്കുന്ന ബില്ലുകളുടെ വിവരങ്ങൾ ബി.എസ്.എൻ.എല്ലിന് കൈമാറാൻ വൈകുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെലഫോൺ ബില്ലുകൾ ബി.എസ്.എൻ.എൽ കൗണ്ടറിലോ ബാങ്ക്, ഫ്രണ്ട്സ് / അക്ഷയ കൗണ്ടറിലോ അടയ്ക്കണമെന്ന അറിയിപ്പും ഉണ്ട്. ഈ വിവരം ഉപഭോക്താക്കളെ നേരത്തെ അറിയിക്കേണ്ട ഉത്തരവാദിത്വം ബി.എസ്.എൻ.എല്ലിനില്ലേ. ഏതാനും ചില ജീവനക്കാർ നടത്തുന്ന നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ യശസ്സിനെയായിരിക്കും കളങ്കപ്പെടുത്തുക. എനിക്ക് 86 വയസായി. ഞാനും രോഗശയ്യയിലായ ഭാര്യയും മാത്രം താമസിക്കുന്ന വീട്ടിൽ ഫോണില്ലാതെ വന്നാലത്തെ സ്ഥിതി പറയേണ്ടതില്ലല്ലോ. മൊബൈൽ കണക്ഷൻ എടുക്കാൻ താത്പര്യവുമില്ല. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും എന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
കെ. ബാഹുലേയൻ
ജയാ നിവാസ്
കടപ്പാക്കട
കൊല്ലം