വിഴിഞ്ഞം: കപ്പലുകൾ അടുപ്പിച്ച് ചരക്കുനീക്കത്തിലുടെ വൻ വരുമാനം പ്രതീക്ഷിച്ച് നിർമ്മിച്ച വിഴിഞ്ഞത്തെ പുതിയ സീവേഡ് വാർഫിലെ പാർക്കിംഗ് യാർഡ് തകർന്നു. വാർഫ് വാർഫും പാർക്കിംഗ് യാർഡും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിരവധി തവണ തകർന്നതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കോടികൾ ചെലവിട്ട യാർഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. തിരയിൽപ്പെട്ട് ഇവിടുത്തെ കോൺക്രീറ്റ് പാളികൾ ഇളകുകയും യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ പല ഭാഗത്തും കുഴികൾ രൂപപ്പെടുകയും തിരയടിയിൽ കോൺക്രീറ്റ് പാളികൾ ഇളകുകയും നിർമ്മാണത്തിനുപയോഗിച്ച കമ്പികൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്‌തു. വാർഫ് നിർമ്മിച്ച് ഒമ്പത് വർഷങ്ങൾ പിന്നിട്ടെങ്കിലും കസ്റ്റംസിന്റെ നടപടിക്രമങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ല. വാർഫ് പൂർത്തിയായാലുടൻ വൻ ചരക്കുകപ്പലുകൾ എത്തുമെന്നും ഇതിലൂടെ പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും പറഞ്ഞിരുന്നെങ്കിലും അവയെല്ലാം പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. എ.ഡി.ബിയുടെ സഹായത്തോടെ സുനാമി അടിയന്തരസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹാർബർ എൻജിനിയറിംഗ് വാർഫ് നിർമ്മിച്ചത്. നിർമ്മാണ സമയത്തുതന്നെ വാർഫിലെ തൂണുകൾക്കു വിള്ളൽ വീണിരുന്നു. ആദ്യം 66 മീറ്ററായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനോടൊപ്പം അനുവദിച്ച നീണ്ടകരയിലെ പ്രവൃത്തികൾ നടപ്പിലാക്കാത്തതിനാൽ ആ ഫണ്ടും ഉപയോഗിച്ച് നീളം 87 മീറ്ററായി വർദ്ധിപ്പിക്കുകയായിരുന്നു. വിഴിഞ്ഞത്തു പിടികൂടിയ ടഗ്ഗ് വാർഫിനു സമീപത്തു കെട്ടിയിരുന്നത് വാർഫിന്റെ തകർച്ചയുടെ ആക്കം കൂട്ടി. കനത്ത തിരയടിയിൽ ടഗ്ഗ് ഇടിച്ച് വാർഫിന്റെ വശങ്ങൾ പൊട്ടുകയും ബൊള്ളാർഡ് ഇളകുകയുമായിരുന്നു. രാത്രിയായാൽ വാർഫും പരിസരവും ഇരുട്ടിലാകുന്നതോടെ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുമെന്നും നാട്ടുകാർ പറയുന്നു.