travancore-devaswom-board

തിരുവനന്തപുരം: പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിൽ കേൾക്കുമെന്ന സുപ്രീംകോടതി നിലപാടും സർവകക്ഷിയോഗം വിളിക്കാനുള്ള സർക്കാർ തീരുമാനവും ആശ്വാസമെന്ന് കരുതിയ ദേവസ്വംബോർഡ് വീണ്ടും പരുങ്ങലിലായി.

ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധിക്ക് കൂടുതൽ വ്യക്തത വന്നിട്ടുണ്ടെന്നും, ഒരുകാരണവശാലും സ്ത്രീകളെ വിലക്കാനാവില്ലെന്നുമുള്ള നിയമോപദേശമാണ് മുതിർന്ന അഭിഭാഷകനായ ചന്ദ്ര ഉദയ്സിംഗ് ബോർഡിന് നൽകിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ബോർഡിന് വേണ്ടി ഹാജരായത് സിംഗാണ്. ഇതോടെ ഇന്ന് നടക്കുന്ന സർവകക്ഷിയോഗവും തന്ത്രികുടുംബവും കൊട്ടാരം പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയും നിർണായകമായി. മണ്ഡല കാലത്തിനായി നടതുറക്കാൻ ശേഷിക്കുന്നത് ഒരു ദിവസവും.

സർവകക്ഷിയോഗത്തിൽ ഉചിതമായ അനുരഞ്ജനത്തിന്റെ പാതയിലെത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ ആശങ്കാജനകമാവും.

രാവിലെ 11ന് സർവകക്ഷിയോഗത്തിന് ശേഷം ഉച്ചകഴിഞ്ഞാണ് തന്ത്രികുടുംബവും കൊട്ടാരം പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേശ്വരര് എന്നിവർ ചർച്ചയ്ക്ക് എത്തും. ശബരിമലയിൽ ആചാരലംഘനം നടത്തരുത് എന്ന ആവശ്യം മാത്രമാവും തങ്ങൾ ഉന്നയിക്കുകയെന്ന് തന്ത്രികുടുംബം വ്യക്തമാക്കി. എന്നാൽ നിലവിലെ ഉത്തരവിന് സ്റ്റേ വാങ്ങാൻ സർക്കാരും ദേവസ്വംബോർഡും സുപ്രീംകോടതിയിൽ ഹർജി നൽകണമെന്ന ആവശ്യമാവും പന്തളം കൊട്ടാരം പ്രതിനിധികൾ മുന്നോട്ടുവയ്ക്കുക. നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യം സർക്കാർ പരിഗണിക്കാനിടയില്ല.

#വരുമാനത്തിലും ക്ഷീണമുണ്ടാക്കും.

പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരമാവുന്നില്ലെങ്കിൽ മണ്ഡല മകരവിളക്ക് കാലത്തെ വരുമാനത്തിൽ ഇടിവുണ്ടാവുമെന്നും ബോർഡിന് ആശങ്കയുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ലേലങ്ങളിലൂടെയുള്ള വരുമാനത്തിൽ കുറവുണ്ട്. കടകളടക്കമുള്ള ചില ടെൻഡറുകൾ ഇന്നലെയാണ് നടന്നത്. ശബരിമല വരുമാനത്തിൽ കുറവുണ്ടായാൽ ബോർഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ചെലവുകളും ബാദ്ധ്യതയാവും. കോടതി വിധിക്കും വിശ്വാസത്തിനും സർക്കാർ നിലപാടിനുമിടയിൽ വീർപ്പുമുട്ടുന്നത് ദേവസ്വംബോർഡും.