gh

തിരുവനന്തപുരം: തീർത്ഥാടനകേന്ദ്രമായ വെട്ടുകാട് മാദ്രേ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളിന് നാളെ തുടക്കമാകും. 25 വരെയാണ് തിരുനാൾ. വൈകിട്ട് 4.30ന് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.ജോസഫ് ബാസ്റ്റിൻ കൊടിയേറ്റും. മാലാഖ കുഞ്ഞുങ്ങൾ, മുത്തുക്കുട വാഹകർ, ബാലികമാർ, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയവയുടെ അകമ്പടിയോടെയായിരിക്കും കൊടിയേറ്റം. ഓഖി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ ആസ്പദമാക്കിയ പ്രത്യേക പരിപാടിയും ഉണ്ടാകും. യുവജനവർഷാചരണം പ്രമാണിച്ചുള്ള നൃത്തശില്പവും ചടങ്ങിന് മികവേകും. സമാപനദിവസം വൈകിട്ട് 5ന് നടക്കുന്ന ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം മുഖ്യകാർമ്മികത്വം വഹിക്കും. മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ദേവാലയത്തിൽ തിരുനാൾ ദിവസങ്ങളിൽ രാവിലെ 6 മുതൽ തുടർച്ചയായി ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും ക്രിസ്തുരാജ പാദപൂജയും ഉണ്ടായിരിക്കും. 24ന് വൈകിട്ട് 6.30 ന് വർണോജ്ജ്വലമായ പ്രദക്ഷിണവും 25ന് രാവിലെ 11ന് കുഞ്ഞുങ്ങൾക്ക് ചോറൂട്ടിനുള്ള അവസരവും സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോസഫ് ബാസ്റ്റിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ. വർഗീസ് ഫെർണാണ്ടസ്, ആന്റണി ജോർജ് തുടങ്ങിയവരും പങ്കെടുത്തു. പ്രളയത്തിന്റെ സാഹചര്യത്തിൽ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ കുറച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണെന്ന് ദേവാലയകമ്മിറ്രി അംഗങ്ങൾ പറഞ്ഞു. കൊടിയേറ്റ് പ്രമാണിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസ് സർവീസും ഉണ്ടായിരിക്കും. എല്ലാ ട്രെയിനുകൾക്കും കൊച്ചുവേളി, പേട്ട സ്റ്റേഷനുകളിൽ സ്റ്രോപ്പും അനുവദിച്ചിട്ടുണ്ട്.