നെയ്യാറ്റിൻകര ഡിവൈ.എസ്.പിയായിരുന്ന ബി. ഹരികുമാറിന്റെ ആത്മഹത്യ ഏറെ നിർഭാഗ്യകരമായ സംഭവമായിപ്പോയി. സനൽകുമാർ എന്ന യുവാവിന്റെ മരണത്തിന് കാരണക്കാരനായതിന്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു അദ്ദേഹം. കേസ് ക്രൈംബ്രാഞ്ച് ഐ.ജി ഏറ്റെടുക്കുകയും സമ്മർദ്ദം താങ്ങാനാവാതെ കീഴടങ്ങാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് കല്ലമ്പലത്തെ സ്വന്തം വീട്ടിലെത്തി അദ്ദേഹം ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. ബന്ധുക്കളെയും സ്നേഹിതരെയും പരിചയക്കാരെയുമെല്ലാം തീരാദുഃഖത്തിലാക്കിയ സംഭവമാണിത്. ഇവിടെയും ആദ്യം വിമർശനവിധേയമാകുന്നത് പൊലീസിന്റെ അന്വേഷണ സംവിധാനങ്ങളിലെ പാളിച്ചകൾ തന്നെയാണ്. നാടുമുഴുവൻ ഹരികുമാറിനെ തേടി പൊലീസ് പരക്കം പായുകയായിരുന്നുഎന്നായിരുന്നു റിപ്പോർട്ടുകൾ. ഇതേ പൊലീസിന്റെ കൺവെട്ടത്തുകൂടിയാണ് തിങ്കളാഴ്ച രാത്രി അദ്ദേഹം സ്വവസതിയിലെത്തിയതെന്നത് വിചിത്രമായി തോന്നാം. പൊലീസ് കുറച്ചുകൂടി പ്രാഗല്ഭ്യം കാണിച്ചിരുന്നുവെങ്കിൽ സ്വയംഹത്യയിൽനിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നു.
പൊലീസ് സേനയെ പൊതുവായി ബാധിച്ചിട്ടുള്ള ഗുരുതരമായ ഒരു രോഗത്തിന്റെ ഇരയാണ് ഹരികുമാറും എന്ന് കരുതുന്നതിൽ തെറ്റില്ല. ഒരു പൊലീസ് ഒാഫീസറും സ്വയം വഴിവിട്ട് അധികദൂരം സഞ്ചരിക്കാറില്ല. അധികാരം ഏതൊരാളെയും ദുഷിപ്പിക്കുമെന്ന് പറയാറുണ്ട്. പൊലീസിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ ദുഷിക്കാനുള്ള വഴികളും ധാരാളമാണ്. രാഷ്ട്രീയക്കാർ തന്നെയാണ് ഇതിൽ പ്രധാന പങ്കാളികളാകാറുള്ളത്. രാഷ്ട്രീയ സംരക്ഷണവും സഹായവുമില്ലെങ്കിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും അപഥസഞ്ചാരത്തിനു മുതിരുകയില്ല. രാഷ്ട്രീയക്കാർ സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി പൊലീസിനെ ദുരുപയോഗപ്പെടുത്തുന്നത് പണ്ടുമുതലേയുള്ള ഏർപ്പാടാണ്. അധികാരത്തിൽ ഏത് മുന്നണി വന്നാലും ഭരണവർഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പൊലീസിനെ ഉപയോഗപ്പെടുത്താറുണ്ട്. ഇതിന് വഴങ്ങേണ്ടിവരുന്നവർ ക്രമേണ സ്വന്തം നിലയിലും അധികാരം സ്വാർത്ഥ താത്പര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക പതിവാണ്. കേസ് ഒതുക്കാനും കേസിൽ കുരുക്കാനുമൊക്കെ സമ്മർദ്ദം വരുന്നത് വിവിധ അധികാരകേന്ദ്രങ്ങളിൽ നിന്നാകും. നിയമാനുസരണം മാത്രമേ ചുമതല നിർവഹിക്കുകയുള്ളൂ എന്ന് ശഠിക്കാൻ ഭൂരിപക്ഷം പേർക്കും സാധിക്കുമെന്നു തോന്നുന്നില്ല. അങ്ങനെയുള്ളവർക്ക് അധികദിവസം കസേരയിലിരിക്കാൻ കഴിയുകയുമില്ല. അധികാര ദുർവിനിയോഗത്തിന്റെ പാഠങ്ങൾ പലതും പഠിക്കുന്നത് അധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെയാകും.
നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന ചെറുപ്പക്കാരന്റെ ദാരുണമരത്തിനുശേഷമാണ് ഡിവൈ.എസ്.പിയുടെ ഒൗദ്യോഗിക ജീവിതത്തിലെ കറുത്ത ഏടുകളെക്കുറിച്ചുള്ള വിവരങ്ങൾ പലതും പുറത്തുവന്നു തുടങ്ങിയത്. ക്രമവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ ഉണ്ടാകാറുള്ള നെയ്യാറ്റിൻകരയിൽ പൊലീസ് തലപ്പത്ത് കരുതലോടെ മാത്രമേ നിയമനം നടത്താവൂ. എന്നാൽ ഇവിടെ നിയമിക്കപ്പെട്ട ഒാഫീസറിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഭരണസ്വാധീനമാണ് ഇതിന് പിന്നിലെന്നും പരാതി ഉണ്ടായിരുന്നു. ഹരികുമാർ തൽസ്ഥാനത്ത് തുടരുന്നതിന് ഡി.ജി.പി പോലും എതിരഭിപ്രായം രേഖപ്പെടുത്തിയതായും കേട്ടിരുന്നു. എന്നാൽ ഇൗ ഉദ്യോഗസ്ഥൻ അവിടെത്തന്നെ ഇരിക്കേണ്ടത് ഭരണസ്വാധീനമുള്ളവരിൽ ചിലരുടെ അനിവാര്യമായ ആവശ്യമെന്ന് വന്നപ്പോഴാണ് എല്ലാം അടിതെറ്റിയത്. പദവിയും അധികാരവും അറിയാതെതന്നെ പലരെയും ഉന്മത്തരാക്കും. അതാണ് നവംബർ അഞ്ചിന് രാത്രി നെയ്യാറ്റിൻകരയിലെ തെരുവോരത്ത് കണ്ടതും . കാർ മാറ്റിയിടുന്ന നിസാര പ്രശ്നത്തെച്ചൊല്ലി വഷളായ രംഗങ്ങൾ സൃഷ്ടിക്കേണ്ട കാര്യമേയില്ലായിരുന്നു. ഡിവൈ.എസ്.പിയുടെ ആജ്ഞ കേട്ട് യുവാവ് കാർ മാറ്റി ഇടുകയും ചെയ്തു. പിന്നീടാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമിക്കപ്പെട്ടതും റോഡിലേക്ക് തള്ളിയിട്ടതിനെത്തുടർന്ന് പാഞ്ഞുവന്ന കാറിടിച്ചതും. സംഭവം യാദൃച്ഛികമായി ഉണ്ടായതു തന്നെയാകാം. പെട്ടെന്നുണ്ടായ പ്രകോപനമാകാം പൊലീസ് ഒാഫീസറുടെ സമനില തെറ്റിച്ചിട്ടുള്ളത്. എന്നിരുന്നാലും ഇത്തരത്തിലൊരു പ്രവൃത്തി അദ്ദേഹത്തിൽ നിന്നുണ്ടാകാൻ കാരണം സ്വന്തം അധികാരത്തെയും പദവിയെയും കുറിച്ചുള്ള അഹംബോധം തന്നെയാകാം. മുൻപിൻ നോക്കാതെയുള്ള ഇൗ പ്രവൃത്തിയിലൂടെ ഒരുകുടുംബത്തിന്റെ വിളക്കാണ് അകാലത്തിൽ പൊലിഞ്ഞുപോയത്.
പൊലീസ് നിർഭയമായും സത്യസന്ധമായും തങ്ങളുടെ കടമ നിർവഹിക്കണമെന്ന് പറയാറുണ്ട്. എന്നാൽ അവരെ രാഷ്ട്രീയക്കാരെല്ലാം ചേർന്ന് അതിനു സമ്മതിക്കാറില്ലെന്നതാണ് വസ്തുത. താഴേതലം മുതൽ മുകൾത്തട്ടുവരെ ഒട്ടനവധി സമ്മർദ്ദങ്ങളിലൂടെയാണ് അവർക്ക് കടന്നുപോകേണ്ടത്. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നവരും ലഭിക്കാത്തവരുമുണ്ട്. സംരക്ഷണം ലഭിക്കുന്നവരിൽത്തന്നെ ഒരു പ്രശ്നത്തിൽ പെടുന്ന ഘട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്നവരുമുണ്ട്. അത്തരത്തിലുള്ള ഒരു ഒറ്റപ്പെടലാകാം ഡിവൈ.എസ്.പി യെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചിട്ടുള്ളത്. എല്ലാ അർത്ഥത്തിലും വഴിവിട്ട രാഷ്ട്രീയ-പൊലീസ് ബന്ധത്തിന്റെ ഒരു ഇരയായിട്ടേ ഇൗ ഉദ്യോഗസ്ഥനെ കാണാനാവൂ.