sabari

തിരുവനന്തപുരം:കരയിലും ആകാശത്തും നിരീക്ഷണം. തോക്കേന്തിയ കമാൻഡോകൾ. സന്നിധാനത്ത് താത്കാലിക ലോക്കപ്പുകൾ. വെടിവയ്‌ക്കാൻ വരെ ഉത്തരവ് നൽകാൻ അധികാരമുള്ള മജിസ്ട്രേട്ടുമാർ, യുദ്ധസമാനമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ശബരിമല മണ്ഡലകാലം. എണ്ണൂറിലേറെ യുവതികൾ വെർച്വൽക്യൂവിൽ ബുക്ക് ചെയ്തിരിക്കുന്നതിനാൽ 63 ദിവസത്തെ തീർത്ഥാടനകാലം ആശങ്കയുടെ മുൾമുനയിലായിരിക്കും. യുവതികൾ വന്നാൽ അവർക്കായി പമ്പ മുതൽ സന്നിധാനം വരെയുള്ള നാലര കിലോമീറ്റർ സുരക്ഷാഇടനാഴിയാക്കാനാണ് പൊലീസ്‌ പദ്ധതി. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം ആളെയെത്തിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് മറുപക്ഷം ഒരുങ്ങുന്നത്. ബുക്ക്ചെയ്‌ത യുവതികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ആവശ്യപ്പെട്ടാൽ വഴിയൊരുക്കണമെന്നുമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നിർദ്ദേശം. മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡിൽ യുവതികൾക്കായി പ്രത്യേക പാതയൊരുക്കി വനിതാബറ്റാലിയനെയും കമാൻഡോകളെയും വിന്യസിക്കും.

പൊലീസിന്റെ സുരക്ഷാസ്‌കീമും അപ്പാടെ മാറ്റിയിട്ടുണ്ട്. കാനനപാതയുടെ തുടക്കത്തിൽ ചെക്ക്പോസ്റ്റുണ്ടാവും. ഇരുമുടിയുമായി മാവോയിസ്റ്റുകളും ഭീകരരും എത്താമെന്നതിനാൽ കാനനപാത സായുധപൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. നിലയ്‌ക്കൽ മുതൽ സന്നിധാനംവരെ ഫേസ്ഡിറ്റക്‌ഷൻ കാമറകളുണ്ട്. അക്രമമുണ്ടാക്കിയ 3000പേരുടെ ചിത്രങ്ങൾ സോഫ്‌‌റ്റ്‌വെയറിലുണ്ട്. ഇവരുടെ മുഖംപതിഞ്ഞാൽ കസ്റ്റഡിയിലെടുക്കാം. നിലയ്‌ക്കൽ, മരക്കൂട്ടം, സന്നിധാനം, പമ്പ,വടശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ പൊലീസ് കൺട്രോൾ റൂമുകളുണ്ട്. സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും. ഇവരെ പാർപ്പിക്കാൻ ചില കെട്ടിടങ്ങൾ താത്കാലിക ലോക്കപ്പുകളാക്കിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകളില്ലാതെ പമ്പ, നിലയ്‌ക്കൽ, എരുമേലി ചെക്ക്പോസ്റ്റുകൾ കടക്കാനാവില്ല. അടിയന്തരഘട്ടത്തിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തും. ജനുവരി 20വരെ സുരക്ഷ തുടരും.

ആകാശത്ത്

സി.സി.ടി.വി, അനലൈസർ കാമറകൾ, വ്യോമ, നാവിക സേനകളുടെ വ്യോമനിരീക്ഷണം. ഹെലികോപ്ടറുകളും ഡോണിയർ വിമാനങ്ങളും കൊച്ചി നാവിക ആസ്ഥാനത്ത് സജ്ജം. നിയല്‌ക്കലിൽ ഹെലിപ്പാഡ്. എറണാകുളം ഐ.ജിക്ക് മേൽനോട്ടം. 200 മീറ്റർ ഉയരത്തിൽ പറക്കുന്ന ഡ്രോണുകൾ വനമേഖലകളുടെ ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്കയക്കും.

കരയിൽ

എ.ഡി.ജി.പിമാരായ ആനന്ദകൃഷ്‌ണന്റെയും അനിൽകാന്തിന്റെയും നേതൃത്വത്തിൽ 5000പൊലീസുകാർ. ഐ.ജിമാരായ വിജയ്സാക്കറെ സന്നിധാനത്തും മനോജ് എബ്രഹാം പമ്പയിലും അശോക്‌യാദവ് നിലയ്‌ക്കലിലും. ഐ.ജി പി. വിജയനാണ് മൊത്തത്തിലുള്ള ചുമതല. തിരക്കുനിയന്ത്രിക്കാനും ക്രമസമാധാനത്തിനും ഐ.പി.എസുകാർ. വനിതാബറ്റാലിയൻ, കമാൻഡോ, ദ്രുതകർമ്മസേന, വനിതാസ്പെഷ്യൽ പൊലീസ്. 50കഴിഞ്ഞ വനിതാ പൊലീസ് സന്നിധാനത്ത്.

'പഴുതുകളടച്ച സുരക്ഷ ഒരുക്കിയിട്ടുണ്ട്. അന്യസംസ്ഥാന പൊലീസ് ഇന്നെത്തും. ഭക്തർക്കെല്ലാം സുരക്ഷനൽകും".

ലോക്നാഥ്ബെഹ്റ

പൊലീസ് മേധാവി