ശ്രീനാരായണ ഗുരുദേവൻ, ആർത്തരും അവശരും ആലംബഹീനരുമായ ജനകോടികൾക്ക് പരമാദ്ഭുത ദാനദേവതാ തരുവായിരുന്നു.കേരളം, തമിഴ്നാട്, കർണാടക എന്നീ ദേശങ്ങളിലായിരുന്നു അവിടുത്തെ കർമ്മപ്രപഞ്ചമെങ്കിലും അന്നത്തെ സിലോണിൽ അധിവസിച്ചിരുന്ന ജനലക്ഷങ്ങൾക്കും ഗുരുദേവൻ കൈത്താങ്ങായി നിലകൊണ്ടു. ഇതിന്റെ ഭാഗമായിട്ടാണ് ശ്രീനാരായണഗുരുദേവൻ സിലോൺ സന്ദർശിക്കുന്നത്. തൃപ്പാദങ്ങൾ ആലുവ അദ്വൈതാശ്രമത്തിൽ നിന്നും യാത്രതിരിച്ച് സിലോൺ പര്യടനം വിജയകരമായി പൂർത്തീകരിച്ചതിന്റെ ശതാബ്ദി പ്രമാണിച്ച് ദിവ്യസത്സംഗവും ആചാര്യ സ്മൃതിയും നടത്തുകയാണ്.
തൃപ്പാദങ്ങളുടെ സിലോൺ യാത്രയ്ക്ക് മുൻകൂട്ടിയുള്ള ഒരുക്കങ്ങൾ ചെയ്തത് പുരാണ പ്രസിദ്ധനായ ഹനുമാനെപ്പോലെ ശക്തനും ധീരനുമായ ഹനുമാൻ ഗിരിസ്വാമിയെന്ന ഗുരുദേവ ശിഷ്യനാണ്. ബോധാനന്ദസ്വാമിയിലൂടെ ഗുരുദേവ ശിഷ്യത്വം വരിച്ച ഹനുമാൻഗിരി സ്വാമികൾ 1916 ജൂൺ മാസത്തിൽ സിലോണിലെത്തിയെന്നും ആഗസ്റ്റ് 20 ന് സ്വാമികളുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ ആരംഭിച്ചെന്നും മിതവാദി മാസിക റിപ്പോർട്ട് ചെയ്യുന്നു. ''1916 ആഗസ്റ്റ് 20 ഞായറാഴ്ച രണ്ടുമണിക്ക് കൊളമ്പ് ആൽക്കമാവാതെ തോട്ടത്തിൽ വച്ച് ശ്രീമദ് ഹനുമാൻഗിരി സ്വാമികളുടെ അദ്ധ്യക്ഷതയിൽ സഭകൂടി. ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ഷഷ്ഠിപൂർത്തി സെപ്തംബർ 10, 11 തീയതികളിൽ ആഘോഷിക്കാൻ തീരുമാനിച്ചു . തൃപ്പാദങ്ങളെ സിലോണിലേക്ക് എഴുന്നെള്ളിച്ച് വരുത്തുന്നതിനെക്കുറിച്ചും ആലോചിച്ചു..'' ഗുരുദേവന്റെ സിലോൺ സന്ദർശനത്തിന്റെ പ്രാരംഭം കുറിക്കപ്പെട്ടത് ഇപ്രകാരമായിരുന്നു. താമസിയാതെ ഹനുമാൻഗിരി സ്വാമികളുടെ ഗുരുനാഥനായ ബോധാനന്ദ സ്വാമികൾ സിലോണിലെത്തി വേണ്ട ഒരുക്കങ്ങൾ ചെയ്തു. ഇതുപ്രകാരമാണ് 1918 സെപ്തംബറിൽ മഹാഗുരുവിന്റെ സിലോൺ സന്ദർശനത്തിന്റെ കളമൊരുങ്ങിയത്.
സെപ്തംബർ 16 ന് ഉച്ചകഴിഞ്ഞ് ആലുവ അദ്വൈതാശ്രമത്തിൽ നിന്നും ഗുരുദേവൻ യാത്ര പുറപ്പെട്ടു. ബോധാനന്ദ സ്വാമി, അമൃതാനന്ദ സ്വാമി, അയ്യപ്പൻപിള്ള (സത്യവ്രതസ്വാമി), ബ്രഹ്മചാരി കുമാരൻ (കുമാരാനന്ദസ്വാമി) ചെറുവാരി ഗോവിന്ദൻ എന്നീ ശിഷ്യസംഘവും ഒപ്പമുണ്ടായിരുന്നു.സിദ്ധാന്ത സന്യാസമുറയിൽ അതുവരെയും തൂവെൺമയായ സന്യാസ വസ്ത്രം ധരിച്ചിരുന്ന ഗുരുദേവൻ യാത്രയ്ക്കിടയിൽ രാമേശ്വരത്ത് വച്ച് കാഷായ വസ്ത്രം ധരിച്ചു. '' ആര് നമുക്ക് കാഷായ വസ്ത്രം തരും. ഈശ്വരൻ തന്നെ നമ്മുടെ ഗുരു എന്നരുളി കാഷായവസ്ത്രം ധരിക്കുകയാണുണ്ടായത്. പിന്നീട് മഹാസമാധിപര്യന്തം 1928 വരെ ഗുരുദേവൻ കാഷായ വസ്ത്രധാരിയായിരുന്നു. (ഗുരു മഹാസമാധി സമയത്ത് വെള്ളവസ്ത്രമാണ് ധരിച്ചിരുന്നതെന്ന തെറ്റായ പ്രചരണം ഇനിയെങ്കിലും തിരുത്തപ്പെടുമെന്ന് പ്രത്യാശിക്കുന്നു.)
രാമേശ്വരത്തു നിന്നും ശ്രീലങ്കൻ മണ്ണിലേക്ക് കപ്പലിലായിരുന്നു യാത്ര. സിലോണിലെ തലൈമന്നാറിൽ എത്തി അവിടെനിന്നും അനിരുദ്ധപുരം വഴി കൊളംബോ മറദാന സ്റ്റേഷനിൽ ട്രെയിൻ മാർഗം ഗുരുദേവനും സംഘവും എത്തി. സ്റ്റേഷനിൽ വന്നിറങ്ങിയ ഗുരുദേവനെ സ്വീകരിക്കാൻ മലയാളികളും തമിഴരും സിംഹളരുമടങ്ങിയ പതിനായിരങ്ങൾ ആവേശഭരിതരായി ശ്രീനാരായണ ഗുരുദേവ മന്ത്രജപത്തോടെ എത്തിച്ചേർന്നിരുന്നു.
സിലോൺ ബുദ്ധമതരാജ്യമാണ്. ശ്രീനാരായണ ഗുരുദേവനെ വന്ന് ദർശിച്ചുകൊണ്ടിരുന്ന ബുദ്ധമത ഭിക്ഷുക്കൾക്കും വിശ്വാസികൾക്കും കണക്കുണ്ടായിരുന്നില്ല. ഗുരുദേവന്റെ പഞ്ചശുദ്ധിയും പഞ്ചധർമ്മവുമടങ്ങിയ തത്വദർശനവും ജീവിത ചര്യയും മനസിലാക്കിയ പ്രമുഖരായ ബുദ്ധമതാചാര്യൻമാർ ശ്രീബുദ്ധന്റെ രണ്ടാം അവതാരമായിത്തന്നെ ഗുരുദേവനെ വാഴ്ത്തി.
ബ്രഹ്മവിദ്യാസംഘത്തിന്റെ ശാഖകൾ അന്ന് സിലോണിൽ ഉടനീളം ഉണ്ടായിരുന്നു. കേരളത്തിലെ ബ്രഹ്മവിദ്യാസംഘക്കാർ ഗുരുദേവന്റെ മഹാഭക്തരായിരുന്നു. ശ്രീലങ്കയിലെ ബ്രഹ്മവിദ്യാ സംഘക്കാരും അതിലെ പുരോഹിതൻമാരും ബാലികാ ബാലന്മാരും തൃപ്പാദങ്ങളെ ആചാരവിധിപ്രകാരം ഉപചരിച്ച് സ്വീകരിക്കുകയും അവിടത്തെ ആത്മീയോപദേശങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. ബ്രഹ്മ വിദ്യാസംഘത്തിന്റെ അദ്ധ്യക്ഷ ഹിഗ്ഗിൻസ് മദാമ്മ മഹാഗുരുവിനെ ദർശിച്ച് അനുഗ്രഹം തേടി. തമിഴ്വംശജരായ മുതലിയാർ ശൈവപിള്ളമാർ, ചെട്ടിയാർകൾ തുടങ്ങി ആയിരങ്ങൾ തൃപ്പാദ ദർശനാർത്ഥം എത്തി. ദിവസവും മൂവായിരത്തിനും നാലായിരത്തിനും മദ്ധ്യേ ആളുകൾ ഗുരുദേവ ദർശനം ചെയ്തിരുന്നുവെന്ന് ചരിത്രം.
ശ്രീലങ്കയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളും ആശ്രമങ്ങളും ഗുരുദേവൻ സന്ദർശിച്ചു. കൂടാതെ കൊളംബോയിലെ തമിഴ് വംശജരുടെ പ്രമുഖ ക്ഷേത്രമായ ശ്രീസുബ്രഹ്മണ്യൻ കോവിലും ശിവക്ഷേത്രവും അവിടന്ന് സന്ദർശിച്ചു. തൃപ്പാദങ്ങളെ ദർശിച്ച മഹാപണ്ഡിതന്മാരുമായി സംസ്കൃതത്തിലും തമിഴിലുമായി അവിടുന്ന് സംഭാഷണം നടത്തി. വിദ്യാഭ്യാസം, ശുചിത്വബോധം, ഈശ്വരഭക്തി, സംഘടന, തൊഴിൽ പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ ഗുരുദേവൻ ഏവർക്കും ഉപദേശങ്ങൾ നൽകി. ബോധാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അയ്യപ്പൻപിള്ളയും രാമകൃഷ്ണാനന്ദ സ്വാമിയും പ്രസംഗിച്ചു. ശ്രീലങ്കയിൽ 'നാരായണ സേവ" ചെയ്ത് പ്രവർത്തിക്കാൻ ഗുരുദേവൻ ശിഷ്യനായ അയ്യപ്പൻപിള്ളയെ നിയോഗിച്ചനുഗ്രഹിച്ചു. ആലപ്പുഴ കുട്ടനാട് മാമ്പുഴക്കതിൽ നായർ സമുദായത്തിൽ ജനിച്ച അയ്യപ്പൻപിള്ളയോട് എന്നും പിള്ളയായി ഇരുന്നാൽ മതിയോ? ഇനി സത്യവ്രതൻ എന്നാകട്ടെ പേര് എന്നരുളി ഗുരുദേവൻ ശിഷ്യനെ സന്യാസത്തിലേക്ക് നയിച്ചത് ഈ അവസരത്തിലാണ്.
ഒക്ടോബർ ആറ് വരെ ഗുരുദേവൻ സിലോണിൽ പര്യടനം നടത്തി. ഏഴിന് ഗുരു മടങ്ങുമ്പോൾ സ്റ്റേഷനിലേക്ക് മോട്ടോർകാർ ഒഴിവാക്കി ഗുരുവിനെ റിക്ഷയിലിരുത്തി ആവേശഭരിതരായ ഭക്തർ തന്നെ ആ റിക്ഷ വലിച്ചുകൊണ്ടു പോവുകയാണുണ്ടായത്. മഹാഗുരുവിനെ യാത്രയയ്ക്കാൻ പതിനായിരങ്ങൾ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. മതിമറന്ന ഭക്തിയിൽ വികാരനിർഭരരായി പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. ട്രെയിൻ വിട്ടപ്പോൾ ആ ഭക്തർ അണപൊട്ടിയൊഴുകിയ ഭക്തിയാൽ ട്രെയിനിനൊപ്പം ഓടിയത്രേ. സിലോണിലെ പ്രവർത്തനങ്ങൾക്കായി വിജ്ഞാനോദയം സഭയും ഗുരുദേവൻ അന്ന് സ്ഥാപിച്ചുകൊടുത്തിരുന്നു. നേതൃത്വം നൽകി പ്രവർത്തിക്കാൻ സത്യവ്രത സ്വാമികളെ ചുമതലപ്പെടുത്തി. പകലന്തിയോളം പണിചെയ്ത് ജീവിക്കുന്നവർക്കായി നിശാപാഠശാലകൾ ഏർപ്പെടുത്തി. 43 നിശാപാഠശാലകൾ . സത്യവ്രത സ്വാമികളുടെ നേതൃത്വത്തിൽ സ്ഥാപിതമായ, ഗുരുവിന്റെ ചിത്രങ്ങൾ വച്ച നിരവധി ഭജനമഠങ്ങളും രൂപംകൊണ്ടു. രണ്ടു വർഷക്കാലം സത്യവ്രത സ്വാമികൾ സിലോണിൽ പ്രവർത്തിച്ചു.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി മേൽപ്പറഞ്ഞ ഗുരുദേവ ശിഷ്യന്മാരെക്കുറിച്ച് ആചാര്യസ്മൃതി നവം 25 ന് കൊളംബോയിലെ ശ്രീനാരായണപുരത്തുള്ള ഗുരുമന്ദിരത്തിൽ വച്ച് നടത്തും. ഗുരുസ്മൃതി ഉണർത്തുന്ന ഇന്നത്തെ പുതിയ തലമുറയുമായി ഗുരുദേവ സത്സംഗം നടത്തും. ഗുരുദേവൻ സന്ദർശിച്ച വഴിയിലൂടെ സഞ്ചരിക്കും. നടരാജഗുരു പഠിച്ച കാൻഡിയിലെ വിദ്യാലയം സന്ദർശിക്കും. ഗുരുദേവനെ സംബന്ധിച്ച് ഇംഗ്ളീഷിലും തമിഴിലുമായി ഗ്രന്ഥങ്ങളും ലഘുലേഖകളും മറ്റും വിതരണം ചെയ്യും. ശ്രീലങ്കൻ ഗവൺമെന്റുമായി സഹകരിച്ച് എപ്രകാരം ഗുരുദേവ സന്ദേശ പ്രചരണം നടത്താമെന്നതിനെക്കുറിച്ച് ശിവഗിരിമഠം പദ്ധതികൾ തയ്യാറാക്കും.
( ലേഖകൻ ശതാബ്ദിയാഘോഷ കമ്മിറ്റി സെക്രട്ടറിയാണ് )