നെയ്യാറ്റിൻകര: കാവുവിള സ്വദേശി സനൽകുമാറിനെ കാറിനു മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഡിവൈ.എസ്.പി ഹരികുമാറിനെ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെടാനും എട്ടു ദിവസം ഒളിവിൽ കഴിയാനും സഹായിച്ച കൊടങ്ങാവിള ജുവലറി ഉടമ ബിനുവിനെയും തൃപ്പരപ്പ് അക്ഷയ ടൂറിസ്റ്റ് ഹോം ഉടമ സതീഷിന്റെ ഡ്രൈവറായ രമേശിനെയും നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ടു കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഇവർ ജവഹർ നഗർ ക്രൈംബ്രാഞ്ച് എസ്.പി ഓഫീസിൽ കീഴടങ്ങിയത്. തിങ്കളാഴ്ച രാത്രി 10ന് ഹരികുമാറിനെ അദ്ദേഹത്തിന്റെ കല്ലമ്പലത്തെ വീട്ടിൽ ഇറക്കിവിട്ടശേഷം ബിനുവും രമേശും ചായ്ക്കോട്ടുകോണത്തെ ബിനുവിന്റെ ബന്ധുവീട്ടിൽ തങ്ങിയശേഷം അവിടെ കാർ ഉപേക്ഷിച്ച് പിറ്റേന്ന് രാവിലെ മറ്റൊരു കാറിൽ രമേശിന്റെ ബന്ധുവീട്ടിൽ എത്തിയ ശേഷമാണ് കീഴടങ്ങാനെത്തിയത്. ഹരികുമാറുമായി അവസാനമായി സംസാരിക്കുമ്പോൾ താൻ ആദ്യം കീഴടങ്ങാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആത്മഹത്യ ചെയ്യുമെന്ന ഒരു സൂചനയും ഹരികുമാർ നൽകിയിരുന്നില്ലെന്നും ബിനു മൊഴി നൽകി. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിൻകര കോടതി പരിഗണിക്കും.