കോവളം: കഴിഞ്ഞ ദിവസം വെള്ളാറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പൂന്തുറ നടുത്തറയിലെ ഹാർലെന്റിന്റെ ഭാര്യ ഐഡയും (35), ഒന്നര വയസുള്ള മകൾ ഏയ്ഞ്ചലും അപകടനില തരണം ചെയ്‌തതായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ഐ.സി.യുവിൽ കഴിയുന്ന ഐഡയ്‌ക്ക് രണ്ട് സർജറികൾ വേണ്ടിവരും. ഐഡ ധരിച്ചിരുന്ന വിലപിടിപ്പുള്ള സ്വർണമാല അപകടസ്ഥലത്തു നിന്ന് നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ വിഴിഞ്ഞം പള്ളിത്തറയിലെ ബന്ധുവീട്ടിൽ നിന്ന് പൂന്തുറ നടുത്തറയിലേക്ക് മടങ്ങവേയാണ് കാറുകൾ കൂട്ടിയിടിച്ച് ഹാർലെന്റും കുടുംബവും സഞ്ചരിച്ച ബൈക്കിലിടിച്ചത്. അപകടത്തിൽ തെറിച്ച് വീണ ഹാർലെന്റ് രക്തം വാർന്ന് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഇയാൾ മത്സ്യത്തൊഴിലാളിയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ പൂന്തുറ സെന്റ് തോമസ് പള്ളിയിൽ സംസ്‌കരിക്കും.