കിളിമാനൂർ: ജൈവ ചുറ്റുമതിൽ,സോളാറിൽ വൈദ്യുതി, സ്വിമ്മിംഗ് പൂൾ, അംഗൻവാടി, വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചിൽഡ്രൺസ് പാർക്ക്, കിൻഡർ ഗാർഡൻ ഇതെല്ലാം അടങ്ങിയ ഒരു ഫ്ലാറ്റ് സമുച്ചയം. പറഞ്ഞു വരുന്നത് ഒരു മെട്രോ പൊളിറ്റൻ നഗരത്തിന്റെ വർണനയല്ല.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ പോകുന്ന പോകുന്ന സ്വപ്ന ഭവന പദ്ധതിയെപ്പറ്റിയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെ ഭവന രഹിതരും ഭൂരഹിതരുമായ ലൈഫ് മിഷൻ പദ്ധതിയിൽ അർഹരായ പട്ടികജാതിയിൽപെട്ട 48 കുടുംബങ്ങൾക്ക് ആണ് വീടൊരുക്കുന്നത്. വ്യത്യസ്ത സ്ഥലങ്ങളിൽ വീട് വച്ച് നൽകുന്നതിന് പകരം ഒരു സ്ഥലത്ത് ഫ്ലാറ്റ് നിർമിച്ച് നിരവധി കുടുംബങ്ങൾക്ക് വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദ ഉപാധികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. പ്രാരംഭ നടപടിയായി പഴയകുന്നുമ്മൽ പഞ്ചായത്തിൽ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നടപടികൾ ആരംഭിച്ചു. സമ്പൂർണ സോളാർ ബ്ലോക്ക് പഞ്ചായത്ത്, ഹോളോബ്രിക്സ് യൂണിറ്റ്, ഹരിത കർമ്മ സേന തുടങ്ങി നിരവധി പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന തലത്തിൽ മാതൃകയാകുന്ന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് മറ്റൊരു പൊൻ തൂവലാകും ഈ ഫ്ലാറ്റ് സമുച്ചയം.
നടപ്പിലാക്കുന്നത്... പഴയകുന്നുമ്മൽ പഞ്ചായത്തിലെ 15-ാം വാർഡിലെ വെള്ളം കിടക്കും പാറയിൽ പദ്ധതി നടപ്പാക്കുന്നത്.....80 സെന്റ് ഭൂമിയിൽ.
ഭൂമി വാങ്ങിയത് 64 ലക്ഷം രൂപയ്ക്ക്
പ്രയോജനം 48 കുടുംബങ്ങൾക്ക്
ഒരു കുടുംബത്തിന് വേണ്ടി കണക്കാക്കുന്ന തുക 12 ലക്ഷം
ആകെ നിർമ്മാണ ചെലവ് 57600000
പ്രതികരണം: പരിസ്ഥിതിക്ക് അനുയോജ്യമായ കെട്ടിടങ്ങളാകും നിർമിക്കുന്നത്. ജീവിതോപാധികൾ കൂടി നൽകുന്ന തരത്തിൽ പദ്ധതി 2020 ഓടെ പൂർത്തിയാക്കും.( ശീജ ഷൈജു ദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്).
ഫണ്ടിംഗ്
(ബ്ലോക്ക് പഞ്ചായത്ത്) വസ്തു വാങ്ങുന്നതിന് 64 ലക്ഷം
2020 ഓടെ പൂർത്തിയാക്കുക ലക്ഷ്യം.
മേന്മ
പ്രത്യേകം വീടുകൾ നിർമ്മിച്ച് നൽകുമ്പോൾ ഇവ മറ്റു വ്യക്തികൾക്ക് അനധികൃതമായി കൈമാറാൻ സാദ്ധ്യത ഉണ്ട്. ഫ്ലാറ്റ് സമുച്ചയമായതിനാൽ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാൻ ഒരോരുത്തരും ശ്രമിക്കും.ഇവരിൽ സഹവർത്തിത്തം വർദ്ധിക്കും.കോളനി എന്ന ദുഷ്പേരിന് അറുതിയാകും
ഫ്ലാറ്റുകൾ കുടുംബഗങ്ങൾക്ക് കൈമാറും എങ്കിലും ഉടമസ്ഥ അവകാശം ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും.
2020 ഓടെ പൂർത്തിയാക്കാനാണ് ഉദേശിച്ചിരിക്കുന്നത്.