കല്ലമ്പലം: ജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളും പൊലീസ് സ്റ്റേഷനുകളിൽ നടപ്പാക്കിയെങ്കിലും പദ്ധതികൾ പാളുന്നതായി ആക്ഷേപം. ഒട്ടനവധി പദ്ധതികൾ പ്രാബല്യത്തിൽ വന്നെങ്കിലും ഒന്നും ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്റ്റേഷനുകളിൽ പി. ആർ. ഒയെ നിയമിച്ചെങ്കിലും ഇവർ സ്റ്റേഷനുകളിൽ മറ്റു ഡ്യൂട്ടികളും ചെയ്യുവാൻ നിർബന്ധിതരാകുന്നു. മുൻ സി.ഐമാർ പി. ആർ.ഒമാർക്ക് മറ്റു ഡ്യൂട്ടികൾ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി ആകെമാറി. വി.ഐ.പി ഡ്യൂട്ടിക്ക് പോലും ഐ. ജി യുടെ അറിവോടെ മാത്രമേ അത്യാവശ്യ ഘട്ടങ്ങളിൽ പി. ആർ. ഒ യെ ഉപയോഗിക്കാവൂ എന്നുണ്ടെങ്കിലും പല സ്റ്റേഷനുകളും ഇത് പാലിക്കുന്നില്ല. എ. ഡി. ജി. പി യുടെ പ്രത്യേക ട്രെയിനിംഗ് ലഭിച്ച പി. ആർ. ഒ മാർക്ക് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മറ്റു ഡ്യൂട്ടികൾ നൽകുന്നതിനാൽ ഇവരുടെ കസേര മിക്കപ്പോഴും ഒഴിഞ്ഞ് കിടക്കും. പബ്ലിക് റിലേഷൻ ഓഫീസറുടെ ഈ പോസ്റ്റ് പൊതുജനങ്ങൾക്ക് ഉപകാര പ്രദമാകുന്നതോടൊപ്പം തന്നെ സ്റ്റേഷനുകളിലെ ജി.ഡി ഓഫീസർമാർക്കും ഇവർ സഹായകരമായിരുന്നു. പലപ്പോഴും ജി.ഡി ടെലിഫോണിലോ, പരാതികൾ കൈപ്പറ്റുന്നതിലോ തിരക്കായിരിക്കുമ്പോൾ സ്റ്റേഷനിൽ വരുന്നവർക്ക് പി. ആർ. ഒ യുടെ സഹായം ലഭിച്ചിരുന്നു. പല സ്റ്റേഷനുകളിലും പി. ആർ.ഒ ഡ്യൂട്ടിക്ക് ആളില്ലാത്തതിനാൽ ഈ പദ്ധതി തുടക്കത്തിലെ പാളി.
സേവനങ്ങളെപ്പറ്റി ജനങ്ങളുടെ ഇടയിൽ ബോധവത്കരണവും ആവശ്യമാണ്. കാലകാലങ്ങളിൽ പൊലീസിനെ നവീകരിക്കുന്നതിന്റെ ഭാഗമായും, സ്റ്റേഷനുകൾ മാതൃകാ സ്‌റ്റേഷനുകളാക്കുന്നതിനും സർക്കാർ കൊണ്ടുവന്ന പല പദ്ധതികളും മുളയിലെ തന്നെ നുള്ളി ഇല്ലാതാക്കുകയാണെന്നും ആക്ഷേപമുണ്ട്.
സ്റ്റേഷനുകൾ ജനമൈത്രിയായതോടെ ഓരോ സ്റ്റേഷന്റെയും പരിധിയിലുള്ള വീടുകളിൽ ഏരിയാ തിരിച്ച് ഓരോ ബീറ്റ് ഓഫീസർമാർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും സന്ദർശനം നടത്തണമെന്നും ബീറ്റ് ഓഫീസറുടെ ഫോൺ നമ്പർ നൽകുകയും വീട്ടുകാർക്ക് സഹായകരമാകുന്ന രീതിയിൽ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ, ഉപേദശം നൽകുകയോ ചെയ്യണമെന്നും നിർദ്ദേശമുണ്ടെങ്കിലും
സ്‌റ്റേഷനുകളിൽ ഇത് നടപ്പായിട്ടില്ല. പലർക്കും ഇങ്ങനെ ഒരു പദ്ധതി ഉണ്ടെന്നുപോലും അറിയില്ല. ബീറ്റ് ഓഫീസറുടെ നമ്പർ പോലും ആർക്കും അറിയില്ല.
സ്റ്റേഷനുകളിൽ വൃദ്ധരായവർക്കും സ്ത്രീകൾക്കും, കുട്ടികൾക്കും നിർഭയം കയറിച്ചെന്ന് പരാതികൾ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് വിവിധ ഹെൽപ് ഡെസ്കുകൾ
സ്റ്റേഷനുകളുടെ പ്രധാന കവാടങ്ങളിൽ സ്ഥാപിച്ചത്. എന്നാൽ ഇതൊന്നും കൈകാര്യം ചെയ്യാൻ സ്ഥിരമായി ആളിനെ നിയമിച്ചിട്ടില്ല. ബീറ്റ് ഓഫീസർ മുതൽ പി. ആർ. ഒ വരെ ജനങ്ങളെ സഹായിക്കാനായി ഉണ്ടെന്നുള്ള കാര്യം തന്നെ പലർക്കും അറിയില്ല.
ജനമൈത്രി
പി. ആർ. ഒ
വനിതാഡെസ്ക്
സീനിയർ സിറ്റിസൺ ഡെസ്ക്ക്
ഇവിടെ പദ്ധതികൾ ഭാഗികം
കല്ലമ്പലം
പള്ളിക്കൽ
ആറ്റിങ്ങൽ
വർക്കല
കടയ്ക്കാവൂർ
അഞ്ചുതെങ്ങ്
അയിരൂർ
നഗരൂർ
കിളിമാനൂർ തുടങ്ങി ഗ്രാമീണ മേഖലകളിലെ പോലീസ്‌റ്റേഷനുകളിലാണ് ഈ ഒട്ടും പ്രയോജനകരമല്ലാത്തത്.