വർക്കല: ശിവഗിരി, പാപനാശം തുടങ്ങി പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്ന വർക്കലയിൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ ആരംഭിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖംതിരിക്കുന്നു. ഇതോടൊപ്പം സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനരാരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ശിവഗിരി തീർത്ഥാടനം, കർക്കടകവാവ് എന്നീ പ്രത്യേക ദിവസങ്ങളിൽ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തുന്നതല്ലാതെ കൂടുതൽ ബസ് സർവീസ് അനുവദിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. 12 വേണാട് സർവീസുകളും 6 എ.സി ലോഫ്ലോർ ബസുകളും സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും ദീർഘദൂര സർവീസുകളായ 15 ബസുകളും വർക്കലയിലെത്തിയിരുന്നു. ആറ്റിങ്ങലിൽ നിന്നുള്ള വേണാട് ചെയിൻ സർവീസുകൾ നേർ പകുതിയാണ് ഇപ്പോൾ വർക്കലയിലെത്തുന്നത്. ലോഫ്ലോർ ബസുകൾ ആറെണ്ണവും സർവീസ് നിറുത്തി. വർക്കല -തിരുവനന്തപുരം -കന്യാകുമാരി, വർക്കല - നെടുങ്ങണ്ടം, വർക്കല - ആലപ്പുഴ -എറണാകുളം, ശിവഗിരി - നാഗമ്പടം -കോട്ടയം, ശിവഗിരി - പാലാ, ശിവഗിരി - ഇലവുംതിട്ട, വർക്കല -വിഴിഞ്ഞം - കോവളം, വർക്കല - ശിവഗിരി - ഗുരുവായൂർ, വർക്കലക്ഷേത്രം - കന്യാകുമാരി, ശിവഗിരി - കൊടുങ്ങല്ലൂർ തുടങ്ങി ദീർഘദൂര സർവീസുകളിൽ പലതും വർക്കലയിലെത്താറില്ല. ശിവഗിരി മഠത്തിൽ എത്തിച്ചേരുന്ന ബസുകൾ റെയിൽവേ സ്റ്റേഷനിലെത്തുന്നില്ലെന്നാണ് പ്രധാന പരാതി. മികച്ച കളക്ഷൻ ലഭിച്ചിരുന്ന ആറ് വേണാട് ബസുകളാണ് മുന്നറിയിപ്പില്ലാതെ നിറുത്തിയത്.
പ്രവർത്തനം തുടങ്ങേണ്ടത് അനിവാര്യം
---------------------------------------------------------
ശബരിമല സീസണിൽ ടിക്കറ്റ് റിസർവേഷൻ ചെയ്യുന്നതിന് ഏറെ സഹായകരമായിരുന്നു ഈ ഓഫീസ്. ശിവഗിരി തീർത്ഥാടന വേളകളിലും ടൂറിസം സീസണിലും യാത്രക്കാർക്ക് ബസുകളുടെ സർവീസ് സംബന്ധമായ അന്വേഷണങ്ങൾക്കും ഈ ഓഫീസിന്റെ പ്രവർത്തനം അനിവാര്യമാണ്. വർക്കലയിലെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമം ഈ ഓഫീസിലാണ് രേഖപ്പെടുത്തിയിരുന്നത്. സബ് സ്റ്റേഷൻ ആരംഭിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം
പ്രധാന പ്രശ്നങ്ങൾ
------------------------------
സർവീസുകളുടെ സമയം പോലും കൃത്യമായി ആർക്കും അറിയില്ല.
ബസുകൾ പലതും റെയിൽവേസ്റ്റേഷനിൽ എത്തുന്നില്ലെന്ന് പരാതി
പരാതികൾ രേഖാമൂലം നൽകിയിട്ടും നടപടിയില്ല
അടച്ചുപൂട്ടിക്കിടക്കുന്ന സ്റ്റേഷൻമാസ്റ്റർ ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സബ് ഡിപ്പോ വർക്കലയിൽ ആരംഭിക്കുന്നതിനായി വകുപ്പ് മന്ത്റിയുമായി ചർച്ച നടത്തി പരിഹാരം കാണും. ശബരിമല സീസണിൽ ഭക്തജനങ്ങൾക്ക്
ടിക്കറ്റ് റിസർവേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും.
- അഡ്വ. വി.ജോയി എം.എൽ.എ