നിഷ്‌കളങ്കബാല്യങ്ങൾക്കും റോസാപ്പൂവിന്റെ സൗന്ദര്യവും നൈർമല്യവും ഉണ്ടെന്നു കണ്ടെത്തി, ശിശുക്കളെ ജീവനുതുല്യം സ്നേഹിച്ച ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാണ് ജവഹർലാൽ നെഹ്റു. നവഭാരത ശില്പിയായ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നതും അതുകൊണ്ടാണ്.
ജയിൽവാസമനുഭവിച്ചിരുന്ന കാലത്ത് ജവഹർലാൽ നെഹ്റു എന്ന അച്ഛൻ മകൾ പ്രിയദർശിനിക്ക് അയച്ച കത്തുകൾ അന്നത്തെ ഭാരതത്തിന്റെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയുടെ നേർചിത്രം വിളിച്ചോതുന്നവയായിരുന്നു. അതുപോലെ ഇൗ മണ്ണിൽ പിറവിയെടുത്ത ഒാരോ കുഞ്ഞിനും ശരിയായ ദിശാബോധം നൽകാൻ പ്രാപ്തിയുള്ളവരായി രക്ഷിതാക്കൾ മാറേണ്ടതുണ്ട്. ഒരു വെള്ളക്കടലാസുപോലെ ശുദ്ധമായ മനസുമായി ഇൗ ഭൂമുഖത്തേക്ക് എത്തുന്ന ഒാരോ കുഞ്ഞിനും മാതാപിതാക്കളാണ് പ്രഥമാദ്ധ്യാപകർ.
പഴയ തലമുറ അന്നത്തെ സ്ളേറ്റുകളിൽ സ്ളേറ്റ് പെൻസിൽ കൊണ്ടെഴുതി മഷിത്തണ്ടുപച്ച ഉപയോഗിച്ച് മായ്ച്ചശേഷം പുതിയവ എഴുതി പഠിച്ചിരുന്നു. എന്നാലിന്ന് പുതുതലമുറ ടാബുകളിലെഴുതി പരിശീലിക്കുന്നു. എല്ലാം വിരൽത്തുമ്പാൽ മായ്ക്കുന്നു. കാലഘട്ടത്തിന്റെ ഇത്തരമൊരു വ്യതിയാനം ഉൾക്കൊണ്ടുകൊണ്ടായിരിക്കണം നാം രക്ഷിതാക്കൾ കുഞ്ഞുങ്ങളെ വളർത്തേണ്ടതും പഠിപ്പിക്കേണ്ടതും.
മാതാപിതാക്കളുടെ സിദ്ധികൾ ഭ്രൂണാവസ്ഥയിലിരിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളിലേക്കും സംക്രമിക്കുമെന്ന് പുരാണങ്ങൾപോലും സാക്ഷ്യപ്പെടുത്തുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളിൽ കുട്ടികൾക്കുള്ള പരിജ്ഞാനം കണ്ട് അദ്ഭുതപ്പെടുകയും കൗതുകപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരുണ്ട്. ഒപ്പം അവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന മാതാപിതാക്കളുമുണ്ട്. ആ സമീപനം മാതാപിതാക്കൾ തിരുത്തണം. പുതുതലമുറയ്ക്ക് ലഭിച്ച സിദ്ധിയെ ക്രിയാത്മകമായി സമീപിച്ച് പുരോഗമന പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് നാം ചെയ്യേണ്ടത്.
ഇനി വരുന്ന തലമുറ സ്വായത്തമാക്കാൻ പോകുന്ന സാങ്കേതികജ്ഞാനം ഇന്നത്തേതിൽ നിന്നും എത്രയോ ഉന്നതമായിരിക്കും. ഇൗയൊരു പശ്ചാത്തലത്തിലായിരിക്കണം വരുംതലമുറയ്ക്കുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും ആവിഷ്കരിക്കേണ്ടതും. വിദ്യാഭാസ മേഖലയിലാണ് അടിയന്തരമായ പരിവർത്തനങ്ങൾ വരുത്തേണ്ടത്. ഇനി വരാനിരിക്കുന്ന തലമുറയുടെ സാങ്കേതിക ബൗദ്ധികതയുടെ വിതാനം വളരെ ഉയർന്ന നിലയിലായിരിക്കുമെന്നതിനാൽ ശാസ്ത്ര സാങ്കേതിക വിദ്യയെയും വിവരസാങ്കേതിക വിദ്യയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയും പഠന സമ്പ്രദായവും ക്ളാസ് മുറികളുമായിരിക്കണം പ്രാബല്യത്തിൽ വരുത്തേണ്ടത്. ഇൗയൊരു വിഷയത്തെ ദീർഘവീക്ഷണത്തോടെ സമീപിച്ച് പ്രവൃത്തിപഥത്തിലെത്തിക്കുന്നതിന് വേണ്ട ബൃഹത്തായ കർമ്മപദ്ധതികൾക്ക് സർക്കാർ തലത്തിൽതന്നെ നാന്ദികുറിച്ചിട്ടുണ്ട് എന്നത് അഭിനന്ദനീയമാണ്.
പരിവർത്തനങ്ങൾക്ക് അരങ്ങൊരുങ്ങുമ്പോൾ രക്ഷിതാക്കളും അദ്ധ്യാപകരും കാലോചിതമായ പരിവർത്തനങ്ങൾക്ക് മാനസികമായി തയ്യാറാകേണ്ടതുണ്ട്. പരിണാമ വിധേയമായ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾക്കനുസരിച്ച് മാറാനാകാത്ത മാമൂൽ പ്രിയത്വം കൈമുതലായുള്ളവരാകരുത് രക്ഷിതാക്കൾ. മൂല്യബോധമില്ലാത്ത തലമുറയെന്നും നവമാദ്ധ്യമങ്ങളുടെ വർണക്കാഴ്ചയിൽ കണ്ണും പൂഴ്ത്തിയിരിക്കുന്ന നിഷ്ക‌്രിയ യുവത്വമെന്നുമൊക്കെ പഴിചാരിയ ആ പുത്തൻതലമുറ ഒരു ആപത്ഘട്ടത്തിൽ കേരളം പ്രളയക്കയത്തിൽ മുങ്ങിത്താണപ്പോൾ എപ്രകാരമാണ് അവരുടെ വിവര സാങ്കേതിക വിദ്യാപരിജ്ഞാനത്തിന്റെ പിൻബലത്തിൽ രക്ഷാപ്രവർത്തനത്തിന്റെ മുഖ്യചാലകശക്തിയായി മാറിയതെന്ന് ഓർക്കണം. ഗുണദോഷസമ്മിശ്രമാണ് ഏതൊരു കാര്യവുമെന്നു മനസിലാക്കി തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഒപ്പം സ്വയമൊരു മാനസിക പരിവർത്തനത്തിന് വിധേയമായി കൊണ്ട് ഒരു നിശബ്ദവിപ്ളവത്തിന് രക്ഷിതാക്കളും അദ്ധ്യാപകരും തയ്യാറാകണം. പുതുതലമുറയുടെ അനന്തമായ സിദ്ധികളെ അംഗീകരിച്ചുകൊണ്ട് സ്വയം തീർത്ത പരിണാമാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത മനസുമായി നമുക്ക് പുതുതലമുറയെ മുന്നോട്ടുനയിക്കാം. വിവരസാങ്കേതിക വിദ്യയുടെയും ശാസ്ത്രസാങ്കേതിക വിദ്യയുടെയും യന്ത്രച്ചിറകേറി രാജ്യപുരോഗതിക്കായുള്ള ബൃഹത്പദ്ധതികളുടെ അനന്ത വിഹായസിലേക്ക് അവർ നിർബാധം പറക്കട്ടെ. ആ ചിറകുകൾക്ക് കരുത്തേകുന്ന സംഘടിത ശക്തിയായി നമുക്ക് മാറാം എന്ന ദൃഢപ്രതിജ്ഞയാകണം ഇൗ ശിശുദിനത്തിൽ നാം കൈക്കൊള്ളേണ്ടത്.
( ലേഖകൻ ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാനാണ്
ഫോൺ : 9446065751.)