വിതുര: വെള്ളനാട്-ചെറ്റച്ചൽ സ്പെഷ്യൽപാക്കേജ് റോഡരികിൽ ഇനി പൂക്കളുടെ വസന്തകാലം. ചെറ്റച്ചൽ മുതൽ വെള്ളനാട് വരെ തകർന്നുകിടന്ന റോഡ് അടുത്തിടെ ഇരുപത് കോടി രൂപ മുടക്കി അത്യാധുനിക രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരുന്നു. റോഡരികിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്.ഒരാഴ്ച മുൻപ് മലയടി റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ വച്ച് സ്പെഷ്യൽപാക്കേജ് റോഡ് അനുവദിച്ച കെ.എസ്. ശബരിനാഥൻ എം.എൽ.എ റോഡരികിൽ ചെടികൾ നട്ടുപിടിപ്പിച്ച് റോഡ് ആകർഷകമാക്കുവാനും സംരക്ഷിക്കുവാനും റസിഡന്റ്സ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടിരുന്നു. ചടങ്ങ് ഉദ്ഘാടനം നടത്തുവാൻ എത്തിയ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും എം.എൽ.എയുടെ ഇൗ ആവശ്യത്തെ പിന്തുണച്ചു. തുടർന്ന് ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ(ഫ്രാറ്റ്) വിതുര മേഖലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലയടി റസിഡന്റ്സ് അസോസിയേഷൻ, വിനോബാനികേതൻ റസിഡന്റ്സ് അസോസിയേഷൻ, തച്ചൻകോട് റസിഡന്റ് അസോസിയേഷൻ എന്നിവ യോഗം ചേർന്ന് സ്പെഷ്യഷപാക്കേജ് റോഡരിക് നിറയെ ചെടികൾ നട്ടുപിടിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. പറണ്ടോട് മുതൽ ഇരുത്തലമൂല വരെയാണ് ചെടികൾ നടുന്നത്. യോഗം ഫെഡറേഷൻസ് ഒാഫ് റസിഡന്റ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തെന്നൂർഷിഹാബ്, പൊൻപാറ കെ. രഘു, ചായം സുലോചനൻനായർ, മലയടിറസിഡന്റ്സ് പ്രസിഡന്റ് രഞ്ജിത്. പി.ആർ വിനോബാനികേതൻ റസിഡന്റ് പ്രസിഡന്റ് കട്ടക്കാൽഗോപി, തച്ചൻകോട് റസിഡന്റ് പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ പങ്കെടുത്തു. പൊൻപാറ റസിഡന്റ് അസോസിയേഷൻ, മണലയം റസിഡന്റ് അസോസിയേഷൻ, പേരയത്തുപാറ റസിഡന്റ് അസോസിയേഷൻ, കോട്ടിയത്തറ റസിഡന്റ് അസോസിയേഷൻ എന്നിവയും ഇൗ ഉദ്യമത്തിൽ പങ്കാളികളാകും. ഇതോടൊപ്പം മാലിന്യ നിർമ്മാർജനപ്രവർത്തനങ്ങളും നടത്തും. ആര്യനാട് വിതുര റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുവാനും ഇതോടൊപ്പം റസിഡന്റ്സ് ഭാരവാഹികൾ കളത്തിലിറങ്ങും. പൂന്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച നടക്കുമെന്ന് റസിഡന്റ്സ് ഭാരവാഹികൾ അറിയിച്ചു.