കോവളം: പാച്ചല്ലൂരിൽ വീട്ടിലും പ്ലേ സ്‌കൂളിനോട് ചേർന്നുള്ള യോഗാ സെന്ററിലും മോഷണം. പാച്ചല്ലൂർ രഹ്ന കോട്ടേജിൽ ദിൽഷാദിന്റെ ഉടമസ്ഥതയിലുള്ള ഇരുനില വീട്ടിലും സമീപത്തെ ആശയുടെ സ്ഥാപനമായ യോഗാ സെന്ററിലുമാണ് കഴിഞ്ഞ ദിവസം അർദ്ധ രാത്രി മോഷണം നടന്നത്. രണ്ടിടത്തും സ്വർണമോ പണമോ നഷ്ടമായിട്ടില്ലെന്നും ദിൽഷാദിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിദേശ നിർമ്മിത ഉപകരണങ്ങളാണ് നഷ്ടമായെന്നും കോവളം പൊലീസ് പറഞ്ഞു. കവർച്ച നടന്ന വീടിന്റെ ഉടമ വിദേശത്തായതിനാൽ അടുത്ത ബന്ധുക്കളാണ് ഇവിടെ കഴിയുന്നത്. ഇന്നലെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പിറകുവശത്തെ ജനലിന്റെ ഗ്ലാസ് പൊട്ടിച്ച ശേഷം ജനൽ കമ്പി വളച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. പിന്നീട് ഒന്നാംനിലയുടെ പിറകുവശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തല്ലിത്തകർക്കുകയും കതക് പൊളിച്ച് അകത്തു കടക്കുകയുമായിരുന്നു. വീടിന്റെ എല്ലാ മുറികളിലും കയറി സാധനങ്ങൾ വലിച്ചെറിഞ്ഞട്ടുണ്ട്. വീടിനോട് ചേർന്നുള്ള യോഗാ സെന്ററിൽ ഒന്നാംനിലയുടെ പിറകുവശത്തെ തടികൊണ്ടുള്ള കതകിന്റെ പൂട്ട് തകർത്താണ് അകത്ത് കയറിയത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം പൂങ്കുളത്തെ സ്വകാര്യ സ്‌കൂളിൽ മോഷണം ശ്രമം നടന്നതായും മോഷ്ടാവിന്റെ ചിത്രം സി.സി ടിവി കാമറയിൽ പതിഞ്ഞതായും സൂചനയുണ്ട്. രണ്ട് സംഭവങ്ങളിലെയും പ്രതി ഒരാളാണോയെന്ന കാര്യം കോവളം പൊലീസ് അന്വേഷിച്ചുവരുന്നു.