politics

നെടുമങ്ങാട് : നെടുമങ്ങാട് താലൂക്കിലെ തരിശുനിലങ്ങളിൽ കൃഷി പുനരാംരംഭിക്കാൻ ഏറെ നാളായി നടന്ന പരിശ്രമം പൂവണിഞ്ഞു. പനവൂർ പഞ്ചായത്തിലെ കരിഞ്ച, ചെല്ലഞ്ചി പാടങ്ങളിലെ തരിശു ഭൂമിയിൽ ഞാറുനടീൽ നടന്നു. നെടുമങ്ങാട് നഗരസഭയിലും വെമ്പായം, പനവൂർ, ആനാട് പഞ്ചായത്തുകളിലും ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു. ഡി.കെ. മുരളി എം.എൽ.എയും പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. കിഷോറും ചേറിലിറങ്ങി ഞാറ് നട്ടത് നാട്ടുകാർക്ക് ആവേശമായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി റ്റി. അനീഷ്, മെമ്പർമാരായ ജെ. ലേഖ, വി.ഐ. സുനിത, കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ആന്റണി റോസ്, കൃഷി ഓഫീസർ ഷയിസ്, അസിസ്റ്റന്റ് പ്രീയകുമാർ എന്നിവർ ‍ഞാറ് നടീലിനു നേതൃത്വം നൽകി.

'നെടുമങ്ങാട് താലൂക്കിൽ നെൽകൃഷി വ്യാപകമായിരുന്നു. നിലം നികത്തലിലൂടെ അന്യാധീനപ്പെട്ട വയലുകൾ തിരിച്ചു കൊണ്ടുവരാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. നെൽകൃഷിക്ക് തയ്യാറായി മുന്നോട്ടുവരുന്നവർക്ക് എല്ലാവിധ സഹായവും ഉറപ്പാക്കും. കൃഷി പുനരാരംഭിക്കാൻ സർക്കാർ പൊതുഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്. നഗരസഭയിലെ തടസങ്ങൾ നീക്കി കൃഷി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഈ പരിശ്രമത്തിൽ സഹകരിക്കണം''

-ആന്റണി റോസ്

(കൃഷി അസിസ്റ്റന്റ് ഡയറക്ടർ)