ksrtc

തിരുവനന്തപുരം : മണ്ഡല - മകരവിളക്ക് കാലത്ത് ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരെ പിഴിയാൻ കെ.എസ്.ആർ.ടി.സിയുടെ കുറുക്കുവഴി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ശബരില സ്‌പെഷ്യൽ സർവീസുകൾക്കും, നിലയ്‌ക്കൽ - പമ്പ ചെയിൻ സർവീസുകൾക്കും 30 ശതമാനം നിരക്കാണ് വർദ്ധിപ്പിച്ചത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച ഉത്സവഫെയറും ഗാട്ട് ഫെയറുമാണ് ടിക്കറ്റ് ചാർജിലുള്ളതെന്ന് സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലകാലം ആരംഭിക്കുന്ന നാളെ മുതൽ നിരക്ക് പ്രാബല്യത്തിലാകും. എന്നാൽ ആറ് ഡിപ്പോകളിൽ നിന്ന് സാധാരണ ദിവസങ്ങളിൽ പമ്പയിലേക്കുള്ള സർവീസുകൾക്ക് ബാധകമല്ല.

മണ്ഡലകാലത്ത് തീർത്ഥാടകർക്ക് മാത്രമായി കെ.എസ്.ആർ.ടി.സി 300 സ്‌പെഷ്യൽ സർവീസുകൾ നടത്തും. ഇതിൽ 50 എണ്ണം പമ്പയിൽ നിന്ന് വിവിധയിടങ്ങളിലേക്കും, ബാക്കി വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്കുമാണ്. ഇവയ്‌ക്ക് എല്ലായിടത്തും സ്റ്റോപ്പുണ്ടാവില്ല. നിലയ്‌ക്കൽ - പമ്പ റൂട്ടിൽ 200 നോൺ എ.സി ബസുകളും 50 എ.സി ബസുകളും സർവീസിനെത്തും. നോൺ എ.സി ബസിന് 40 രൂപയും, എ.സിക്ക് 75ഉം ആണ് നിരക്ക്. ഈ സർവീസുകൾക്കു മാത്രമാണ് ഉത്സവഗാട്ട് നിരക്കുള്ളതെന്നും തച്ചങ്കരി അറിയിച്ചു.