തിരുവനന്തപുരം: നിഷിനെ കേന്ദ്ര സർവകലാശാലയാക്കാനുള്ള നീക്കം പാളിയതോടെ നിയമസഭയിൽ ബില്ല് അവതരിപ്പിച്ച് സംസ്ഥാന സർവകലാശാലയാക്കാനുള്ള നീക്കം തുടങ്ങി. ഇതിനായി മുമ്പ് തയ്യാറാക്കിയതിന് സമാനമായ ബില്ല് അവതരിപ്പിക്കും. അതേസമയം പുതിയ ബില്ല് അവതരിപ്പിക്കാൻ ഒത്തിരി കടമ്പകൾ ഇനിയും കടക്കണം. ധനകാര്യ വകുപ്പിന്റെ അംഗീകാരവും മന്ത്രിസഭാ തീരുമാനവുമുണ്ടായാലെ ബില്ലു തയ്യാറാക്കാൻ കഴിയൂ. ശ്രവണ വൈകല്യം അനുഭവിക്കുന്നവർക്കായി ചികിത്സയും പുനരധിവാസവും ഗവേഷണവും നടത്തുന്ന ആക്കുളത്തെ നിഷിനെ കേന്ദ്രസർവകലാശാലയാക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2014-15 ബഡ്ജറ്രിലാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി നിഷിനെ (നാഷണൽ ഇൻസ്റ്രിറ്ര്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്) കേന്ദ്ര സർവകലാശാലയാക്കുമെന്ന് പ്രഖ്യാപിച്ചത്. സർവകലാശാല കേരളത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നില്ലെന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥാപിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ആലോചന.
കേന്ദ്രസർവകലാശാലയാവുകയാണെങ്കിൽ ശ്രവണ വൈകല്യത്തിന് പുറമേ അന്ധത, ഓട്ടിസം, മനോവൈകല്യം തുടങ്ങി എല്ലാവിധ വൈകല്യങ്ങളിലും ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ചികിത്സയും പുനരധിവാസവും എന്നിവ നടത്താനും ഏഷ്യയിലെ വലിയ സ്ഥാപനമാകാനും അന്താരാഷ്ട്ര ഏജൻസികളുടെ സഹായം സ്വീകരിക്കാനും നിഷിന് കഴിയുമായിരുന്നു. കുട്ടികളിലെ ശ്രവണശേഷി വൈകല്യം നേരത്തേ കണ്ടെത്തുക, ഉചിതമായ ചികിത്സ, സംസാര പരിശീലനം, തെറാപ്പി, മാതാപിതാക്കൾക്കുള്ള ബോധവത്കരണം, തുടർ വിദ്യാഭ്യാസം എന്നിവയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള നിഷ്
ഇപ്പോൾ നടത്തുന്നത്. മെഡിക്കൽ കൗൺസിൽ, എ.ഐ.സി.ടി.ഇ എന്നിവയ്ക്ക് സമാനമായി ഈ മേഖലയിലെ സ്റ്രാറ്ര്യൂട്ടറി സ്ഥാപനമായി റിഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യ നിഷിനെ 'സെന്റർ ഒഫ് എക്‌സലൻസ്" ആയി പ്രഖ്യാപിച്ചിട്ടുണ്ട്.