തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി തൻസീറിന്റെ ജാമ്യഹർജി കോടതി തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പന്ത്രണ്ട് പ്രതികളുള്ള കേസിൽ പതിനൊന്ന് പേരാണ് പൊലീസ് പിടിയിലായത്. ഇവർക്കെതിരെ കഴിഞ്ഞ ജൂലായ് രണ്ടിന് കുറ്രപത്രം നൽകിയിരുന്നു. ഇതിൽ യഥാക്രമം അഞ്ച് മുതൽ ഏഴു വരെ പ്രതികളായ സ്ഫടികം എന്ന സ്വാതി സന്തോഷ്, സനു എന്ന സുഭാഷ്, യാസീൻ എന്നിവർക്ക് ഹെെക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 2018 മാർച്ച് 27 പുലർച്ചെ രണ്ടര മണിക്കാണ് രാജേഷ് കൊല്ലപ്പെട്ടത്. ഒാച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൾ സത്താർ നൽകിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കുറച്ചുകാലം ഖത്തറിൽ ജോലി നോക്കിയിരുന്ന രാജേഷ് അവിടെ വച്ച് നൃത്താദ്ധ്യാപികയായ സത്താറിന്റെ ഭാര്യയുമായി അടുപ്പത്തിലാകുകയും പിന്നീട് ആ ബന്ധം സത്താറിന്റെ വിവാഹ മോചനത്തിൽ എത്തുകയും ചെയ്തു. തന്റെ കുടുംബ ജീവിതം തകർത്ത രാജേഷിനോടുളള പ്രതികാരമാണ് ക്വട്ടേഷൻ കൊടുക്കാൻ സത്താറിനെ പ്രേരിപ്പിച്ചത്. സത്താർ തന്റെ വിശ്വസ്തനും കേസിലെ രണ്ടാം പ്രതിയുമായ സാലി എന്ന മുഹമ്മദ് സാലിഹിനെ ചുമതലപ്പെടുത്തുകയും സാലി മറ്ര് പ്രതികളെ കൂട്ടി കൃത്യം നിർവഹിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്.