tripti-desai

തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷം മണ്ഡലകാലത്തും തുടരാനുള്ള സാദ്ധ്യത നിലനിൽക്കെ എരിതീയിൽ എണ്ണ പകർന്നുകൊണ്ട് തൃപ്തി ദേശായിയും സംഘവും ദർശനത്തിന് എത്തുമെന്ന് സർക്കാരിനെ അറിയിച്ചു. എന്തുവിലകൊടുത്തും വനിതാ ആക്ടിവിസ്റ്റായ തൃപ്തി ദേശായിയുടെ സന്ദർശനം തടയുമെന്ന് സമര രംഗത്തുള്ള സംഘടനകളും പ്രക്ഷോഭകരും നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് തൃപ്തിയുടെ ദർശനം നടന്നാലും ഇല്ലെങ്കിലും ദേശീയശ്രദ്ധ ആകർഷിക്കുന്ന സംഭവമായി മാറും.

യുവതികളുടെ ദർശനത്തിന് വഴിയൊരുക്കും എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന ഇടതുസർക്കാരിന് തൃപ്തിയുടെയും സംഘത്തിന്റെയും സന്ദർശനം തലവേദനയായും മാറും. പൊലീസിന്റെ സുരക്ഷ ഉണ്ടായിട്ടും സമര രംഗത്തുള്ളവരുടെ കടുത്ത എതിർപ്പിന്റെ മുന്നിൽ മുട്ടുമടക്കി അവർക്ക് മടങ്ങേണ്ടിവന്നാൽ സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പരാജയമാണെന്ന പ്രചാരണത്തിന് ദേശീയ തലത്തിൽ മാദ്ധ്യമ ശ്രദ്ധ ലഭിക്കാം. അതേസമയം തൃപ്തി ദേശായിയെ തടയുന്നതിൽ വിജയിച്ചാൽ പ്രക്ഷോഭരംഗത്തുള്ളവർക്ക് അത് കൂടുതൽ ആത്മവിശ്വാസവും ആഹ്‌ളാദവും പകരും. മാത്രമല്ല, ആചാര സംരക്ഷണത്തിന് ഏതറ്റം വരെയും പോകാനുള്ള രാഷ്ട്രീയ ഉൗർജ്ജവും അവർക്ക് ലഭിക്കും. ശബരിമലയുടെ പേരിലുള്ള രാഷ്ട്രീയ കക്ഷികളുടെ ബലാബലത്തിൽ ആര് ജയിക്കും എന്ന ഉദ്വേഗം സൃഷ്ടിക്കാനും മഹാരാഷ്ട്രക്കാരിയായ ഇൗ വനിതയുടെ വരവ് ഇടയാക്കും.

ശബരിമലയിൽ എത്തിയാൽ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാൽ എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കണമെന്നും അവർ സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദർശനം നടത്തുമെന്നാണ് കത്തിൽ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സർക്കാർ വഹിക്കണമെന്ന നടക്കാത്ത കാര്യവും ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ശബരിമല ദർശനത്തിന് എത്തുന്ന അന്യനാട്ടുകാരായ യുവതികളുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് നോക്കാനുള്ള ബാദ്ധ്യത സർക്കാരിനില്ല. അതേസമയം ഇവർ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് ആയതിനാലും ഇവർക്കെതിരെ കേരളത്തിൽ ആക്രമണം നടന്നാൽ അത് സർക്കാരിന്, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് ക്ഷീണമാകും എന്നതിനാലും അക്കാര്യങ്ങളൊക്കെ നോക്കിക്കണ്ടാവും സർക്കാർ ചുവടുകൾ നീക്കുക. എന്തായാലും തൃപ്തി ദേശായിയും സംഘവും മല ചവിട്ടുമോ എന്ന ചോദ്യം സജീവമായി അടുത്ത ദിവസങ്ങളിൽ നിലനിൽക്കും. പ്രത്യേകിച്ച് ശബരിമല ദർശനം നടത്താതെ തന്റെ സംഘം കേരളത്തിൽ നിന്ന് തിരിച്ച് പോകില്ല എന്ന് അവർ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ.

തൃപ്തിയുടെ സംഘം

(പ്രായം 29 മുതൽ 46 വരെ)

മഹാരാഷ്ട്ര സ്വദേശിയായ വനിതാ ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പശ്ചിമ മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂർ ക്ഷേത്രത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലൂടെയാണ് ഇവർ പേരെടുത്തത്. 33 കാരിയാണ് തൃപ്തി ദേശായി. ഇവർക്കൊപ്പം വരുമെന്ന് കത്തിൽ പറഞ്ഞിരിക്കുന്ന സംഘാംഗങ്ങൾ ഇവരാണ്:

മനിഷ രാഹുൽ (42), മീനാക്ഷി ഷിൻ ഡേ (46), സ്വാതി (44), സവിത (29), സംഗീത (42), ലക്ഷ്മി (43).