തിരുവനന്തപുരം: പൊലീസിന്റെ വെബ്സൈറ്റിലൂടെ 800ലേറെ യുവതികൾ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് സമയം ബുക്കുചെയ്തു. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള ഇവർ പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിലാണ് രജിസ്റ്റർ ചെയ്തത്.
ആന്ധ്രയിൽ നിന്നാണ് കൂടുതൽ യുവതികൾ ദർശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ ഡൽഹിയിൽനിന്നും കൊൽക്കത്തയിൽ നിന്നും യുവതികൾ തിരിച്ചറിയൽ രേഖകൾ നൽകി ഓൺലൈൻ ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഇതുവരെ ശബരിമല ദർശനത്തിന് പൊലീസിന്റെ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തിരിക്കുന്ന അയ്യപ്പഭക്തരുടെ എണ്ണം നാലുലക്ഷം പിന്നിട്ടു. നിലയ്ക്കലിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റ് ബുക്കിംഗും ദർശന സമയ തിരഞ്ഞെടുപ്പും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് sabarimalaq.com വെബ് പോർട്ടൽ ക്രമീകരിച്ചിരിക്കുന്നത്.