ഉഴമലയ്ക്കൽ: പഞ്ചായത്തിലെ കിഴക്കുപുറം പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ഉൾപ്രദേശമായതിനാൽ അവധി ദിവസങ്ങളിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാകും. പ്രദേശവാസികൾക്ക് പുറമേ വിദൂര സ്ഥലങ്ങളിൽ നിന്നും ക്രിമിനൽ കേസുകളിൽ പ്രതിയായവർ വരെ ഇക്കൂട്ടൽ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രദേശത്ത് പരസ്യമായി മദ്യപിക്കാൻ തമ്പടിക്കുന്നവർ പൊതു വഴികളിൽ കൂട്ടംകൂടുകയും യാത്രാക്കാരേയും വാഹന യാത്രാക്കാരേയും കയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതും പതിവാണ്. എന്നാൽ ഇത്തരക്കാരെ ഭയന്ന് ആക്രമണത്തിന് ഇരയാകുന്നവർ പൊലീസിൽ പരാതിപ്പെടാൻ പോലും തയാറാകുന്നില്ല. ഇത്തരക്കാരിൽ ചിലർ മുൻപ് ആര്യനാട് പൊലീസിനെ ആക്രമിച്ചതിനും വനിതാ പഞ്ചായത്തംഗത്തെ ആക്രമിച്ച കേസുകളിലും പ്രതിയാണ്. ആഴ്ചകൾക്ക് മുൻപ് ഈ പ്രദേശത്തുവച്ച് ഒരു യുവാവിനെ ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിച്ച സംഭവവും ഉണ്ടായി. ഇതിനെതിരേ ആര്യനാട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലന്നും പറയുന്നു. ഈ കേസിൽ ചില രാഷ്ട്രീയ പാർട്ടികളുടെ പിൻതുണകൂടി ലഭിക്കുന്നതോടെ പ്രതികൾ രക്ഷപ്പെട്ടുപോകുന്നതായും പ്രദേശവാസികൾക്ക് പരാതിയുണ്ട്.
വർഷങ്ങളായി ഈ പ്രദശത്ത് സാമൂഹ്യ വിരുദ്ധ ശല്യത്തിനെതിരേ നിരവധി പരാതികളാണ് ഉള്ളത്. നിരവധി അക്രമ സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഉള്ളത്. അവധി ദിവസങ്ങൾ ലക്ഷ്യമാക്കിയാണ് ഇത്തരം സംഘങ്ങൾ എത്തുന്നത്. ഈദിവസങ്ങളിൽ പ്രദേശത്ത് പൊലീസ് പെട്രോളിം ശക്തിപ്പെടുത്തി സാമൂഹ്യ വിരുദ്ധശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.