kt-jaleel

തിരുവനന്തപുരം: നിയമസഭാ സമ്മേളനം 27ന് തുടങ്ങാനിരിക്കെ, സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം 23ന് ചേരും. ഷൊർണ്ണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗികപീഡന പരാതിയിന്മേലുള്ള പാർട്ടി അന്വേഷണകമ്മിഷൻ റിപ്പോർട്ട് ഈ സംസ്ഥാനകമ്മിറ്റി മുമ്പാകെയെത്തുമെന്ന സൂചന ശക്തമാണ്.

അന്വേഷണറിപ്പോർട്ട് വൈകുന്നത് പാലക്കാട്ടെ പാർട്ടിക്കുള്ളിൽ വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അന്വേഷണ കമ്മിഷൻ അംഗമായ മന്ത്രി എ.കെ. ബാലൻ ശശിയുമായി വേദി പങ്കിട്ടതും ചർച്ചാവിഷയമാണ്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിവാദം അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലും ഇപ്പോൾ റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന. ഇതോടൊപ്പം മന്ത്രി കെ.ടി. ജലീലിനെതിരെ നിരന്തരമായി ഉയർന്നുവരുന്ന ആരോപണങ്ങളും സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്തേക്കും. ബന്ധുനിയമന വിവാദത്തിൽ ജലീലിന്റെ ബന്ധു കെ.ടി. അദീപ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ജനറൽമാനേജർ സ്ഥാനത്ത് നിന്ന് രാജി വച്ചെങ്കിലും യൂത്ത് ലീഗ് ജനറൽസെക്രട്ടറി പി.കെ. ഫിറോസ് മന്ത്രിക്കെതിരെ പുതിയ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവും മന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തി. മന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണുയരുന്നതെന്ന വിലയിരുത്തലുണ്ട്.

ശബരിമല യുവതീപ്രവേശന വിഷയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംസ്ഥാനകമ്മിറ്റിയിൽ ചർച്ചയായേക്കും. നാളെ സംസ്ഥാന സെക്രട്ടേറിയറ്റും ചേരുന്നുണ്ട്.