തിരുവനന്തപുരം: ''കോടതിയിൽ ഹാജരാക്കുമ്പോൾ ആളുകൾ എന്നെ കല്ലെറിയും, താങ്ങാൻ വയ്യ.'' സുഹൃത്ത് ബിനുവുമായി കല്ലമ്പലത്ത് പിരിയുമ്പോൾ ഡിവൈ.എസ്.പി ഹരികുമാർ പറഞ്ഞു. നെയ്യാറ്റിൻകര ജയിലിൽ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും താൻ പിടികൂടിയ പ്രതികൾ ഉപദ്രവിക്കുമെന്നും ഹരികുമാർ പറഞ്ഞതായും ബിനു മൊഴിനൽകിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നെന്നേക്കുമായി നാടുവിട്ട് പോകണമെന്നും സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവുജീവിതം നയിക്കാമെന്നും ഹരികുമാർ പറഞ്ഞതായും മൊഴിയുണ്ട്.
ജ്യേഷ്‌ഠനെയോ കുടുംബാംഗങ്ങളെയോ അറിയിക്കാതെയാണ് ഹരികുമാർ തലസ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നതായി സംശയിക്കണമെന്നും എസ്.പി കെ.എം. ആന്റണി പറഞ്ഞു. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവരിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാതിരുന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കീഴടങ്ങാൻ അഭിഭാഷകനെ ഏർപ്പാടാക്കാമെന്നും കാത്തിരിക്കാനും പറഞ്ഞാണ് ബിനുവുമായി പിരിഞ്ഞത്. ഒളിവിൽ പോകാനുപയോഗിച്ച സ്വിഫ്‌റ്റ് കാർ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ബിനു, ഭാര്യാസഹോദരൻ സുജിയുടെ പാറശാല ചായ്ക്കോട്ടുകോണത്തെ വീട്ടിൽ തിങ്കളാഴ്ച രാത്രി 11ന് കൊണ്ടിട്ടു. ഡിവൈ.എസ്.പിയെ കല്ലമ്പലത്തെ വീട്ടിൽ ഇറക്കിയ ശേഷമായിരുന്നു ഇത്. രാത്രി പതിനൊന്നരയോടെ ക്രൈംബ്രാഞ്ച് എത്തിയപ്പോഴേക്കും വെളുത്ത അംബാസിഡർ കാറിൽ ബിനു പോയിരുന്നു. രാത്രി മുഴുവൻ ബിനു ഈ കാറിൽ കഴിച്ചുകൂട്ടി. കീഴടങ്ങാൻ ഡിവൈ.എസ്.പിയുടെ വിളിയും കാത്തിരുന്ന ബിനു അദ്ദേഹത്തിന്റെ മരണവാർത്തയാണ് അറിഞ്ഞതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
സനൽകുമാർ മരിച്ചശേഷം, തൃപ്പരപ്പിൽ നിന്ന് കാർ മാർഗം മധുര, മൈസൂർ വഴി ധർമ്മസ്ഥൽ വരെ ഡിവൈ.എസ്.പിയുമായി തുടർച്ചയായി യാത്ര ചെയ്തതായി ബിനു മൊഴി നൽകിയിട്ടുണ്ട്. ഹോട്ടൽ മുറിയെടുക്കാതെ കാറിൽ കഴിച്ചുകൂട്ടുകയായിരുന്നു. മതിയായ ഉറക്കവും ഭക്ഷണവുമില്ലാതെ തുടർച്ചയായുള്ള യാത്രകളും പ്രമേഹബാധിതനായ ഹരികുമാറിനെ ശാരീരികമായി തളർത്തി. മംഗളൂരുവിൽ നിന്ന് തെങ്കാശി വഴിയാണ് തലസ്ഥാനത്ത് എത്തിയത്. കല്ലമ്പലത്തെ വീടിന് സമീപത്തെ വിജനമായ ഇടവഴിയിൽ ഹരികുമാർ ഇറങ്ങിയെന്നും ബിനു മൊഴിനൽകി.