ചിറയിൻകീഴ്: കഞ്ചാവ് മാഫിയകൾക്കെതിരെ പൊലീസിലും എക്സൈസിലും പരാതി നൽകിയതിൽ പ്രകോപിതരായി ഏഴംഗ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. അഴൂർ കോളിച്ചിറ പുന്നവിള വീട്ടിൽ അനന്തു (25) വിനെയാണ് വെട്ടിയത്. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആട്ടോറിക്ഷ ഡ്രൈവറായ അനന്തു സവാരി നിറുത്തി ആട്ടോ ഉടമസ്ഥന്റെ വീട്ടിൽ കൊണ്ടിട്ട ശേഷം സുഹൃത്തായ രാഹുലുമൊത്ത് വീട്ടിലേക്ക് മടങ്ങവേയായിരുന്നു ആക്രമണം. ഇവർക്ക് നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അന്തുവിനെ കഴുത്തിൽ വെട്ടിയത്. വെട്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽ അനന്തുവിന്റെ സുഹൃത്തിന്റെ കൈയിലും വെട്ടേറ്റു. കഴുത്തിൽ മുറിവേറ്റ അനന്തു മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ പേര് സഹിതമുള്ള പരാതി അനന്തുവിന്റെ മാതാവ് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് നൽകിയിട്ടുണ്ട്. കോളച്ചിറയിൽ കഞ്ചാവ് വില്പനക്കാർക്കെതിരെ പൊലീസിലും എക്സൈസിലും പരാതികൾ നൽകുകയും സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനും മുന്നിട്ട് നിന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് അനന്തുവിന്റെ ബന്ധുക്കൾ പറയുന്നു. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.