തിരുവനന്തപുരം: ഇന്ത്യൻ മണ്ണിൽ നിന്ന് 3.5 ടൺ ഭാരമുള്ള ഉപഗ്രഹം സ്വന്തം റോക്കറ്റിൽ വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ ചരിത്രനേട്ടം കുറിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ ടെലികോം ഉപഗ്രഹമാണ് ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച
ജിസാറ്റ് - 29.
ഗജ ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെ 27 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ പൂർത്തിയാക്കി വൈകിട്ട് 5.08നാണ് 'ബാഹുബലി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് ജി സാറ്റ് 29 ഉപഗ്രഹവുമായി കുതിച്ചുയർന്നത്. 2.19 മിനിട്ട് കഴിഞ്ഞപ്പോൾ ആദ്യ ഖര എൻജിനും പിന്നത്തെ 3.25 മിനിട്ടിൽ രണ്ടാം ഘട്ടത്തിലെ ദ്രവ എൻജിനും എരിഞ്ഞുതീർന്നു. പിന്നീട് 11.72 മിനിട്ട് ഇന്ത്യയുടെ സ്വന്തം ക്രയോജനിക് എൻജിന്റെ കരുത്തിലാണ് റോക്കറ്റ് കുതിച്ചത്. സെക്കൻഡിൽ 10.21 കിലോമീറ്റർ വേഗതയിൽ ബഹിരാകാശത്തു കൂടി കുതിച്ച ക്രയോസ്റ്റേജ് എരിഞ്ഞുതീരാൻ 15 സെക്കൻഡ് ശേഷിക്കെ ജി സാറ്റിനെ പുറത്തേക്ക് തള്ളി. ഉടൻ ഹാസനിലെ മാസ്റ്റർ കൺട്രോൾ സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തു. 35,975 കിലോമീറ്റർ ഉയരത്തിലുള്ള താത്കാലിക ഭ്രമണപഥത്തിലാണ് ഉപഗ്രഹം. ഇത് സ്ഥിരം ഭ്രമണപഥത്തിലേക്ക് രണ്ടുദിവസത്തിനകം മാറ്റും.
2014 ലാണ് ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് പരീക്ഷിച്ചത്. 2017 ജൂൺ 5ന് 3150 കിലോ ഭാരമുള്ള ജിസാറ്റ് 19 വിക്ഷേപിച്ചു. ഇന്നലെ രണ്ടാമത്തെ വിക്ഷേപണമായിരുന്നു. 4000 കിലോഗ്രാം വിക്ഷേപിക്കുകയാണ് ലക്ഷ്യം. രണ്ടുവർഷത്തിനകം 6,000 കിലോഗ്രാം വിക്ഷേപണശേഷി കൈവരിക്കും.
ജിസാറ്റ് 29
ഭാരം 3423 കിലോഗ്രാം
ആയുസ് 10 വർഷം
പേലോഡ് 8 സ്പോട്ട് ബീം ട്രാൻസ്പോണ്ടറുകൾ
ജിയോ ഹൈറെസൊല്യൂഷൻ കാമറ.
പ്രയോജനം
അതിവേഗ ഇന്റർനെറ്റ് സേവനം
ഡിജിറ്റൽ ഇന്ത്യ ശക്തിപ്പെടുത്തും
പ്രതിരോധ വാർത്താവിനിമയം ശക്തമാക്കും